| Sunday, 6th March 2022, 4:13 pm

എല്ലാവരും കൂടി ചേര്‍ന്ന് ഇല്ലാതാക്കിയ എന്റെ ആത്മാഭിമാനത്തെ തിരിച്ചുപിടിക്കുക തന്നെ ചെയ്യും: ഭാവന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തനിക്ക് നഷ്ടപ്പെട്ട ആത്മാഭിമാനം ഏത് വിധേനയും തിരിച്ചുപിടിക്കുമെന്ന് നടി ഭാവന. പ്രമുഖ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന വി ദി വുമണ്‍ എന്ന പരിപാടിയിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്.

മോജോ സ്‌റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്തിരുന്നത്.

ആക്രമണം നേരട്ടതിന് ശേഷം വളരെ മോശം അനുഭവമായിരുന്നു താന്‍ നേരിട്ടതെന്ന് പറയുകയാണ് ഭാവന.

‘എനിക്ക് നേരിടേണ്ടി വന്ന അനുഭവം ഞാനുള്‍പ്പടെയുള്ള എന്റെ കുടുംബത്തിന്റെ ജീവിതത്തെ ഒന്നാകെ മാറ്റിമറിച്ചു. എന്റെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.

സാമൂഹ്യമാധ്യമങ്ങള്‍ വഴി പലരും തെറ്റായ പ്രചാരണങ്ങള്‍ നടത്തി. ഞാന്‍ കെട്ടിച്ചമച്ച കേസാണെന്നും ഞാന്‍ നാടകം കളിക്കുകയാണെന്നൊക്കെ പലരും പറഞ്ഞു. 2019ലാണ് ഞാന്‍ ഇന്‍സ്റ്റഗ്രാം തുടങ്ങുന്നത് ആ സമയത്തൊക്കെ വരുന്ന മെസേജുകള്‍ എന്ന് പറയുന്നത്, ആത്മഹത്യ ചെയ്തുകൂടെ എന്നൊക്കെ ചോദിച്ചായിരുന്നു.

എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു ഗ്രൂപ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പലപ്പോഴും സ്വന്തമായി കുറ്റപ്പെടുത്തി. എന്റെ തെറ്റായിരുന്നു എനിക്ക് സംഭവിച്ചതിന് കാരണം എന്ന് പോലും തോന്നിയ കാലമായിരുന്നു അത്.

2018 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ 2020 ല്‍ ആണ് വിചാരണ ആരംഭിക്കുന്നത്. 15 ദിവസമായിരുന്നു തന്നെ കോടതിയില്‍ വിസ്തരിച്ചത്. അതിന്റെ അവസാന ദിവസം ഞാന്‍ തിരിച്ചറിഞ്ഞു, ഞാന്‍ ഒരു ഇരയല്ല, മറിച്ച അതിജീവിതയാണ് എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു

ആ സംഭവത്തിന് ശേഷം നിരവധിപേര്‍ എന്നെ പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. പക്ഷെ മറുഭാഗത്ത് മറ്റൊരു ഗ്രൂപ്പുണ്ടായിരുന്നു. അവര്‍ വളരെ ലാഘവത്തോടെ എന്നെ പറ്റി ചാനലുകളില്‍ സംസാരിച്ചു. അവര്‍ക്കെന്നെ അറിയുക പോലും ഉണ്ടായിരുന്നില്ല.

അവള്‍ അങ്ങനെ ചെയ്യരുതായിരുന്നു, രാത്രി സഞ്ചരിക്കരുതായിരുന്നു എന്നെല്ലാം. പിന്നാലെ എനിക്കെതിരെ മോശം രീതിയില്‍ പി.ആര്‍ വര്‍ക്കുകള്‍ നടന്നു. അതെന്ന് വളരെ വേദനപ്പെടുത്തിയിരുന്നു.

ഞാന്‍ അതിജീവിക്കാന്‍ ശ്രമിക്കുന്തോറും ഈ സംഭവങ്ങള്‍ എന്നെ പിന്നോട്ട് വലിച്ചു. എന്നെ അച്ഛനുമ്മയും അത്തരത്തിലല്ല എന്നെ വളര്‍ത്തിയതെന്ന് ചിലപ്പോള്‍ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. ഈ ആരോപണങ്ങള്‍ എന്റെ കുടുബത്തെയും അപമാനിക്കുന്നതായിരുന്നു. എന്റെ ആത്മാഭിമാനം എന്ന് പറയുന്ന കാര്യം അവരുടെ കൈകളിലായിരുന്നു.

നിരവധി പേര്‍ എനിക്ക് പിന്തുണയറിയിച്ചിരുന്നു. എന്നോടൊപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുകയാണ്. കേസില്‍ വിജയം കാണുന്നത് വരെ പോരാട്ടം തുടരും. ആത്മാഭിനത്തിനായുള്ള പോരാട്ടമാണ് അത് തുടരുക തന്നെ ചെയ്യും. ഈ അഞ്ച് വര്‍ഷത്തോളമുള്ള യാത്ര ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇപ്പോഴും എനിക്ക് പേടിയുണ്ട്. നീതിക്ക് വേണ്ടി പോരാടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല,’ ഭാവന പറഞ്ഞു,’ ഭാവന പറഞ്ഞു.

അതേസമയം, താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് ചിലത് വെളിപ്പെടുത്താനാവില്ലെന്നും കാരണം വിഷയത്തില്‍ നിയമ നടപടി തുടരുകയും കോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ടാണെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.


Content Highlights: I will regain my self-esteem that I lost: Bhavana

We use cookies to give you the best possible experience. Learn more