| Friday, 16th November 2018, 10:40 am

നാളെ രാവിലെ നിലയ്ക്കലില്‍ എത്തും; പൊലീസ് സഹായം വാഗ്ദാനം ചെയ്തു: തൃപ്തി ദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമലദര്‍ശനം നടത്താതെ മഹാരാഷ്ട്രയിലേക്ക് തിരിച്ചുപോകില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പൊലീസ് മറ്റൊരു വഴിയിലൂടെ തന്നെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെന്നും എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് അത് നടന്നില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

നാളെ രാവിലെ നിലയ്ക്കലില്‍ പോകു. പൊലീസ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്ന് ശബരിമല ദര്‍ശനം സാധ്യമാകുന്നോ അന്ന് മാത്രമേ ഒരു തിരിച്ചുപോക്കിനെ കുറിച്ച് താന്‍ ആലോചിക്കുന്നുള്ളൂ. ഇക്കാര്യം മാത്രമേ തനിക്ക് സര്‍ക്കാരിനോട് പറയാനുള്ളൂ. -തൃപ്തി ദേശായി പറഞ്ഞു.

ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ 4.45 നാണ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെ അവര്‍ക്ക്പുറത്തിറങ്ങാന്‍ ആയിട്ടില്ല.

നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന് പുറത്തും നിരവധിപ്പേര്‍ സംഘടിച്ചിട്ടുണ്ട്.


ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം: മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായികള്‍ക്ക് യു.എസിന്റെ വിലക്ക്


പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല.

തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തില്‍ വെച്ച് തൃപ്തി ദേശായി പറഞ്ഞു.

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹനം ഉള്‍പ്പെടെയുള്ളവ സജ്ജീകരിക്കണമെന്ന് അവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പൊലീസ് തള്ളിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more