| Tuesday, 28th July 2020, 10:32 am

യൂണിഫോം ധരിച്ച് തോക്കുമായെത്തുന്നവര്‍ക്ക് ഞങ്ങളില്‍ ഒരാളെ കൊല്ലാന്‍ ഇട്ടുകൊടുക്കില്ല; ഒമര്‍ അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്യ വിജയത്തിന് വേണ്ടി താനൊരിക്കലും പ്രതിഷേധങ്ങള്‍ നയിക്കില്ലെന്ന് ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. പ്രതിഷേധത്തിന് പകരമായി തന്റെ പക്കലുള്ള മറ്റേതെങ്കിലും മാര്‍ഗങ്ങളായിരിക്കും താന്‍ ഉപയോഗിക്കുയെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീര്‍ പോലെയുള്ള ഒരിടത്ത് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുയാണെങ്കില്‍ കശ്മീരിലെ ദരിദ്രരായ ചെറുപ്പക്കാര്‍ക്ക് അത് മോശമായി മാത്രമേ അവസാനിക്കുകയുള്ളുവെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേത്തിന്റെ പ്രതികരണം.

തെരുവുകളില്‍ പ്രതിഷേധത്തിനുള്ള സമയം കഴിഞ്ഞുവെന്ന് നിങ്ങളെ പറയാന്‍ പ്രേരിപ്പിക്കുന്നു എന്താണ് എന്ന ചോദ്യത്തിനാണ് പ്രതിഷേധങ്ങള്‍ താന്‍ മുന്നോട്ട് കൊണ്ടുവരില്ലെന്ന് അദ്ദേഹം പറഞ്ഞത്.

” ഒരു പോയിന്റ് നേടാന്‍ ഞാന്‍ ഒരു പ്രതിഷേധത്തെ നയിക്കില്ല. എന്റെ പക്കലുള്ള മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ ഞാന്‍ ഉപയോഗിക്കും. ഞാന്‍ എന്റെ ശബ്ദം, എന്റെ പാര്‍ട്ടി വേദി, കോടതികള്‍, കൂടാതെ എനിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന മറ്റെന്തെങ്കിലും ഉപയോഗിക്കും, പക്ഷേ ഞാന്‍ ഒരു പ്രതിഷേധത്തിന് മുന്‍കൈയ്യെടുക്കില്ല. പ്രത്യേകിച്ചും കശ്മീരില്‍, ഒരു പ്രതിഷേധം മുന്നോട്ട്‌കൊണ്ടുവന്നാല്‍ മിക്കവാറും അത് ദരിദ്രരായ ചെറുപ്പക്കാര്‍ക്ക് വളരെ മോശമായി അവസാനിക്കുമെന്ന് എനിക്കറിയാം,” അദ്ദേഹം പറഞ്ഞു.

തന്റെ സ്വന്തം കുട്ടികളുടെ കൈയില്‍ ഒരു കല്ലോ തോക്കോ കൊടുക്കാന്‍ താന്‍ തയ്യാറല്ലെങ്കില്‍ ഒരു കശ്മീരി യുവാവിന്റെയും കയ്യില്‍ താനത് കൊടുക്കില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ ആളുകള്‍ താന്‍ അവരെ തെരുവിലേക്ക് അണിനിരത്തുന്ന ഒരാളായാണ് നോക്കിക്കാണുന്നതെങ്കില്‍ താന്‍ അത് ചെയ്യില്ലെന്നും എന്നാല്‍ കശ്മീരില്‍ സംഭവിച്ചതിനെതിരെ താന്‍ ശബ്ദം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

”സംഭവിച്ചതിനെതിരെ ഞാന്‍ പോരാടും, ഞാനെന്റെ ശബ്ദം ഉയര്‍ത്തും പോരാടും, പക്ഷേ യൂണിഫോം ധരിച്ച് തോക്കുമായെത്തുന്ന ഒരാള്‍ക്ക് ഞങ്ങളില്‍ ഒരാളെ കൊല്ലാന്‍ ഞാന്‍ ഒരു കാരണമോ അവസരമോ ഒരുക്കിക്കൊടുക്കില്ല,” അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ വരും തെരഞ്ഞെടുപ്പുകളില്‍ ഇനി മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജമ്മു-കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. കാശ്മീര്‍ കേന്ദ്രഭരണ പ്രദേശമായിരിക്കുന്നിടത്തോളം കാലം നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more