അഭിനയം ഒരിക്കലും നിര്‍ത്തില്ലെന്നും ശ്വാസമുള്ള കാലം വരെ സിനിമയിലുണ്ടാകുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് മലയാളത്തിലെ നിത്യഹരിത നായിക ഷീല.
അനുരാഗം എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് പറയുന്നതിനിടെയായിരുന്നു താരം സിനിമയോടുള്ള തന്റെ അഭിനിവേശം വ്യക്തമാക്കിയത്.
അനുരാഗം എന്ന സിനിമയില്‍ ജോണി ആന്റണിയുടെ ബൈക്കിന് പിന്നിലിരുന്ന് പോകുന്ന ഒരു സീനിനിടെ അപകടം പറ്റിയെന്നും ഒരു മേജര്‍ സര്‍ജറി ചെയ്യേണ്ടി വന്നുവെന്നും ഷീല പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഈ പ്രായത്തില്‍ സര്‍ജറി ചെയ്യുന്നതില്‍ റിസ്‌കുണ്ടായിരുന്നെങ്കിലും ചെയ്യാതിരുന്നാല്‍ വീല്‍ ചെയറിലാകുമെന്നുള്ളതിനാലാണ് ശസ്ത്രക്രിയക്ക് തയ്യാറായതെന്നും താരം പറഞ്ഞു. തന്റെ ജീവിതത്തിലെ ആദ്യത്തെ ആക്‌സിഡന്റായിരുന്നു ഇതെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘അഞ്ച് മാസം മുമ്പ് കൊച്ചിയില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങിന് വന്നു. സിനിമയില്‍ എന്റെ മകനായി അഭിനയിക്കുന്ന ജോണി ആന്റണിയുടെ പുറകില്‍ ബൈക്കില്‍ പോകുന്ന ഒരു സീനുണ്ടായിരുന്നു. ബൈക്ക് എന്തിലോ ചെന്നിടിച്ചു. ഞാന്‍ തെറിച്ച് താഴെ വീണു. അപ്പോള്‍ ചെറിയ വേദനയുണ്ടായിരുന്നു എന്നല്ലാതെ, വലിയ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഞാനുടന്‍ എഴുന്നേറ്റു. കാരണം, ഷൂട്ടിങ് മുടങ്ങരുതെന്ന തോന്നലായിരുന്നു. അവര്‍ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരിച്ച് വന്ന് ഷൂട്ടിങ് പൂര്‍ത്തിയാക്കി. അതുകഴിഞ്ഞ് ചെന്നൈയിലെ വീട്ടില്‍ ചെന്നപ്പോള്‍, വേദനയുണ്ട്. അപ്പോളോ ഹോസ്പിറ്റലില്‍ കാണിച്ചു. സ്‌കാന്‍ ചെയ്തപ്പോള്‍ എല്ലില്‍ പൊട്ടലുണ്ട്. ഒരു മേജര്‍ സര്‍ജറി ചെയ്തു. ഈ പ്രായത്തില്‍ റിസ്‌കായിരുന്നു. പക്ഷേ ചെയ്തില്ലെങ്കില്‍ വീല്‍ ചെയറിലാകും. അതുകൊണ്ട് സര്‍ജറി ചെയ്തു. വേദന ഇപ്പോഴും മാറിയിട്ടില്ല. എന്നുവെച്ച് ഞാന്‍ സിനിമ നിര്‍ത്തില്ല. ശ്വാസമുള്ളിടത്തോളം അഭിനയിക്കും. കാരണം, സിനിമ എന്റെ ജീവശ്വാസമാണ്,’ ഷീല പറഞ്ഞു.
Content Highlights: ‘I will not stop acting as long as I have breath’: Sheela