ന്യൂദല്‍ഹി: ആര്യന്‍ ഖാന്റെ അറസ്റ്റില്‍ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.
ദുര്‍ബലര്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും ശക്തരായ അച്ഛന്മാര്‍ ഉള്ളവര്‍ക്കുവേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് സംബന്ധിച്ച് ചോദ്യത്തിനായിരുന്നു ഉവൈസിയുടെ പ്രതികരണം.
”നിങ്ങള്‍ സൂപ്പര്‍സ്റ്റാറിന്റെ മകനെ കുറിച്ച് സംസാരിക്കുന്നു. ഉത്തര്‍പ്രദേശിലെ ജയിലുകളില്‍ വിചാരണതടവുകാരായി കഴിയുന്നവരില്‍ 27 ശതമാനമെങ്കിലും മുസ്‌ലിങ്ങളാണ്. ആരാണ് അവര്‍ക്ക് വേണ്ടി സംസാരിക്കുന്നത്?,” അസദുദ്ദീന്‍ ഉവൈസി ചോദിച്ചു.
ശബ്ദമില്ലാത്തവര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടിയാണ് താന്‍ പോരാടുന്നതെന്നും ശക്തരായ അച്ഛന്മാര്‍ ഉള്ളവര്‍ക്കുവേണ്ടിയല്ലെന്നും ഉവൈസി പറഞ്ഞു.
ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ചെടുത്ത സംഭവത്തിലാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പത്ത് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് കൊക്കെയ്ന്‍,ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി.കപ്പല്‍ മുംബൈ തീരത്തുനിന്ന് കടലിന്റെ മധ്യത്തിലെത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്.