വെള്ളിയാഴ്ച നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഷൂട്ടൗട്ടിൽ തോൽവി വഴങ്ങി ബ്രസീൽ ലോകകപ്പിന് പുറത്തായിരുന്നു. ആറാം ലോക കിരീടം ലക്ഷ്യമിട്ട് എത്തിയ കാനറിപടയുടെ ലോകകപ്പിൽ നിന്നുള്ള പുറത്താകൽ ലോകമാകെയുള്ള ബ്രസീൽ ആരാധകർ ഹൃദയവേദനയോടെയാണ് നോക്കിക്കണ്ടത്.
എന്നാൽ മത്സരത്തിന് ശേഷമുള്ള ബ്രസീൽ സൂപ്പർ താരം നെയ്മറുടെ പ്രസ്താവന ബ്രസീൽ ആരാധകരെ വീണ്ടും പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ദേശീയ ടീമിൽ നിന്നും വിരമിക്കുന്നെന്ന തരത്തിൽ സൂചന നൽകുന്ന രീതിയിലായിരുന്നു നെയ്മർ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചത്.
“ഞാൻ ദേശീയടീമിൽ കളിക്കുന്നതിനുള്ള സാധ്യതകൾ അവസാനിക്കുന്നു എന്ന് പറയുന്നില്ല. എന്നാലും ഞാൻ ദേശീയ ടീമിലേക്ക് തിരിച്ചു വരുമെന്ന കാര്യത്തിൽ 100 ശതമാനം ഉറപ്പും നൽകുന്നില്ല. ദേശീയ ടീമിനും എനിക്കും നല്ലത് വരുന്ന തരത്തിൽ ഭാവി പദ്ധതികൾ പ്ലാൻ ചെയ്യാൻ എനിക്ക് കുറച്ച് ചിന്തിക്കേണ്ട ആവശ്യമുണ്ട്,’ നെയ്മർ പറഞ്ഞു.
പി.സ്.ജിയുടെയും ബ്രസീലിന്റെയും സൂപ്പർ താരമായ 30 വയസ്സുകാരൻ നെയ്മർ മത്സരത്തിൽ പരാജയപ്പെട്ടതോടെ വൈകാരികതയോടെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചത്.
മത്സരത്തിൽ ഒരു ഗോൾ നേടാൻ സാധിച്ചതോടെ ബ്രസീൽ ഇതിഹാസ താരം പെലെ ദേശീയ ടീമിനായി നേടിയ ഗോൾ നേട്ടത്തിന് ഒപ്പമെത്താൻ നെയ്മർക്ക് സാധിച്ചിരുന്നു.
നാല് വർഷം മുമ്പത്തെ ലോകകപ്പിൽ ബെൽജിയമാണ് കാനറികളുടെ ലോകകപ്പ് മോഹങ്ങൾക്ക് മുന്നിൽ പ്രതിബന്ധം സൃഷ്ടിച്ചത്. 2014ലെ ലോകകപ്പിൽ ജർമനിയാണ് ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് മേൽ ആണിയടിച്ചത്.
“വളരെ ദുരിതപൂർണമായ അവസ്ഥയാണിത്. അവസാന ലോകകപ്പിൽ സംഭവിച്ചതിനേക്കാൾ നിരാശ എനിക്കിപ്പോൾ അനുഭവിക്കാൻ സാധിക്കുന്നുണ്ട്. ഈ നിമിഷത്തെ എങ്ങനെ വിവരിക്കും എന്ന് പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല,’ നെയ്മർ കൂട്ടിച്ചേർത്തു.
നിശ്ചിത സമയത്ത് 1-1 എന്ന തരത്തിൽ സമനിലയിൽ അവസാനിച്ച പ്രീ ക്വാർട്ടർ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നപ്പോൾ നാല് പന്തുകൾ ഗോൾ വലയ്ക്കുള്ളിലേക്കെത്തിക്കാൻ ക്രൊയേഷ്യക്ക് സാധിച്ചു. അതേസമയം ബ്രസീലിനായി കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി തടഞ്ഞപ്പോൾ, മാർക്കിനോസിന്റെ കിക്ക് പോസ്റ്റ് ബാറിൽ തട്ടിത്തെറിച്ചു.
ക്രൊയേഷ്യ-അർജന്റീന എന്നിവരാണ് ഖത്തർ ലോകകപ്പിലെ ആദ്യ സെമി പോരാട്ടത്തിൽ പരസ്പരം ഏറ്റുമുട്ടുന്നത്.
ഡിസംബർ 14ന് ഇന്ത്യൻ സമയം പുലർച്ചെ 12:30 നാണ് മത്സരം.
Content Highlights:I will not guarantee to play for the national team again; Neymar