| Sunday, 21st July 2019, 1:16 pm

'വോട്ടെടുപ്പില്‍ പങ്കെടുക്കില്ല, ഇത് മായാവതിയുടെ നിര്‍ദേശം'; വിശ്വാസ വോട്ടെടുപ്പിനു മുന്‍പേ സര്‍ക്കാരിന് പ്രഹരമേല്‍പ്പിച്ച് ബി.എസ്.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകത്തില്‍ നാളെ നടക്കുന്ന നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന നിലപാടുമായി സംസ്ഥാനത്തെ ഏക ബി.എസ്.പി എം.എല്‍.എ എന്‍. മഹേഷ്. പാര്‍ട്ടി ദേശീയാധ്യക്ഷ മായാവതിയുടെ നിര്‍ദേശപ്രകാരമാണ് തന്റെ തീരുമാനമെന്നാണ് മഹേഷിന്റെ വിശദീകരണം.

ഓരോ സീറ്റ് പോലും സര്‍ക്കാരിന്റെ വിധി നിര്‍ണയിക്കുന്ന സാഹചര്യത്തിലാണ് ബി.എസ്.പി അംഗത്തിന്റെ പിന്മാറ്റം. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന അംഗമാണിതെന്നതിനാല്‍ ബി.ജെ.പിക്ക് ഈ തീരുമാനം ഗുണകരമായേക്കും.

നിലവില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന് ബി.എസ്.പി അംഗം ഒഴികെ ഔദ്യോഗികമായി 116 അംഗങ്ങളുടെ പിന്തുണയാണുള്ളത്. അതേസമയം ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷത്തിന് 107 അംഗങ്ങലുടെ പിന്തുണയുമുണ്ട്. എന്നാല്‍ കൂറുമാറ്റം തകൃതിയായി നടക്കുന്നതിനാല്‍ ഈ കണക്കുകളില്‍ കാര്യമുണ്ടാകില്ല.

വെള്ളിയാഴ്ച വൈകിട്ട് വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് അന്ത്യശാസനം നല്‍കിയിരുന്നെങ്കിലും അതു നടന്നിരുന്നില്ല.

ഗവര്‍ണറുടെ രണ്ടാം അന്ത്യശാസനത്തിനെതിരെ കുമാരസ്വാമി സഭയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ‘ഗവര്‍ണറുടെ രണ്ടാമത്തെ ‘ലവ് ലെറ്റര്‍’ എന്നെ വളരെയധികം വേദനിപ്പിച്ചു. പത്ത് ദിവസമായി ഇവിടെ അരങ്ങേറുന്ന കുതിരക്കച്ചവടത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നാണോ?’- കുമാരസ്വാമി ചോദിച്ചു.

We use cookies to give you the best possible experience. Learn more