'മാപ്പ് പറയില്ല'; റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി
India
'മാപ്പ് പറയില്ല'; റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2019, 12:58 pm

ന്യൂദല്‍ഹി: റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുസംഭവിച്ചാലും ഞാന്‍ പറയില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും രാഹുല്‍ പറഞ്ഞു.

മോദിയാണ് മാപ്പ് പറയേണ്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീപടര്‍ത്തിയതിന് ,ഇന്ത്യയുടെ സാമ്പത്തിരംഗം തകര്‍ത്തത്തിന്, ദല്‍ഹിയെ റേപ്പ് കാപിറ്റല്‍ എന്ന് വിളിച്ചതിന് എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

മേക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് മോദി വാചാലനാകുന്നു. എന്നാല്‍ നമ്മള്‍ പത്രം തുറന്നുനോക്കുമ്പോള്‍ കാണുന്നത് ഇന്ത്യയില്‍ നടക്കുന്ന ബലാത്സംഗങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ്. ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ബലാത്സംഗ വാര്‍ത്തകള്‍ മാത്രമാണ് പുറത്തുവരുന്നത്. ഇക്കാര്യമാണ് ഞാന്‍ പറഞ്ഞത്. – രാഹുല്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിക്കെതിരെ ലോക്സഭയില്‍ ബി.ജെ.പി കനത്ത പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്. ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ‘റേപ്പ് കാപിറ്റല്‍’ എന്ന് രാഹുല്‍ വിളിച്ചതിനെതിരെയാണ് വനിതാ എം.പിമാരുടെ നേതൃത്വത്തില്‍ ബി.ജെ.പി സഭയില്‍ പ്രതിഷേധിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയിലെ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടണമെന്ന് ആദ്യമായായിരിക്കും ഒരു നേതാവ് കാഹളം മുഴക്കുകയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കുന്ന സന്ദേശമാണോ ഇതെന്നും അവര്‍ ചോദിച്ചു. രാഹുലിനെ ശിക്ഷിക്കണമെന്നും മാപ്പ് പറയണമെന്നുമായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രാഹുല്‍ രംഗത്തെത്തിയത്.

ലോക്‌സഭയിലെ ബഹളത്തിനിടെ രാഹുലിനെ ന്യായീകരിച്ച് ഡി.എം.കെ എം.പി കനിമൊഴി രംഗത്തെത്തിയിരുന്നു. ലോക്സഭയില്‍ വെച്ചല്ല രാഹുല്‍ ‘റേപ്പ് കാപിറ്റല്‍’ പരാമര്‍ശം നടത്തിയതെന്നും അതുകൊണ്ട് പ്രതിഷേധം ശരിയല്ലെന്നുമായിരുന്നു കനിമൊഴി പറഞ്ഞത്.

പ്രധാനമന്ത്രി മെയ്ക്ക് ഇന്‍ ഇന്ത്യയെന്നു പറയുമ്പോള്‍ രാജ്യത്ത് എന്താണു നടക്കുന്നതെന്നാണു രാഹുല്‍ പറയാന്‍ ഉദ്ദേശിച്ചതെന്നും കനിമൊഴി ചൂണ്ടിക്കാട്ടുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മെയ്ക്ക് ഇന്‍ ഇന്ത്യ നടക്കുന്നില്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണെന്നും മറിച്ച് രാജ്യത്തെ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടുകയാണെന്നും അത് ആശങ്കയുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് റേപ്പ് കാപിറ്റല്‍ പരാമര്‍ശം രാഹുല്‍ നടത്തിയത്.

പെണ്‍മക്കളെയും സഹോദരിമാരെയും എന്തുകൊണ്ടാണ് ഇന്ത്യക്കു സംരക്ഷിക്കാന്‍ കഴിയാത്തതെന്നു വിദേശ രാജ്യങ്ങള്‍ ചോദിക്കുകയാണെന്നു രാഹുല്‍ അന്നു പറഞ്ഞിരുന്നു.