ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കണ്ണൂര്‍: തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാടില്‍ മാറ്റമുണ്ടാവില്ലെന്നു ചരിത്രകാരന് ഇര്ഫാന് ഹബീബ്. ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളിക്കൊണ്ടു മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘എന്നെ ക്രിമിനലെന്നു വിളിക്കാം. എന്റെ ഇക്കാലം അത്രയുമുള്ള ബഹുമതികളും അംഗീകാരങ്ങളും എല്ലാം സര്‍ക്കാരിനു തിരിച്ചെടുക്കാം. എന്നാലും പൗരത്വ ഭേദഗതി നിയമത്തെ അംഗീകരിക്കില്ല,’ അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ നടത്തിയ പ്രസംഗം തെറ്റും വസ്തുതാ വിരുദ്ധവുമാണ്. ഞാന്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചെന്നൊക്കെ പറയുന്നതിന് എന്താണു മറുപടി പറയേണ്ടത്? എനിക്ക് 88 വയസ്സായി. ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥന് മുപ്പത്തിയഞ്ചോ, പരമാവധി നാല്‍പ്പതോ വയസ്സു മാത്രമേയുള്ളൂ പ്രായം.
ആ ഉദ്യോഗസ്ഥനെ മറികടന്നു ഞാന്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിക്കുകയോ? ഇതു രണ്ടും കേട്ടാല്‍ത്തന്നെ ആ പറയുന്നതിന്റെ നുണയെന്തെന്നു നിങ്ങള്‍ക്ക് ആലോചിച്ചുകൂടേ?
ഇന്ത്യന്‍ മുസ്ലിങ്ങളെക്കുറിച്ച് മൗലാന അബ്ദുള്‍ കലാം ആസാദ് പറഞ്ഞുവെന്നു പറയുന്ന ആ വാചകം തെറ്റായാണ് ആരിഫ് മുഹമ്മദ് ഖാന് ഉദ്ധരിച്ചത്. ഇന്ത്യന്‍ മുസ്ലിങ്ങള്‍ അഴുക്കുചാലില്‍ കെട്ടിക്കിടക്കുന്ന വെള്ളം എന്ന തരത്തിലൊരു പ്രസ്താവന ഒരിക്കലും ആസാദ് പറഞ്ഞിട്ടില്ല.
എന്തിനാണ് നുണ പ്രധാനപ്പെട്ട ഒരു ചടങ്ങിലെ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഉദ്ധരിക്കുന്നത്? ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ഇസ്ലാം മതത്തിലുള്ളവര്‍ അല്ലാത്തവര്‍ക്കു പൂര്‍ണ പൗരത്വം നല്‍കരുതെന്ന വരികളുണ്ടെന്നു പറഞ്ഞതും അബദ്ധമാണ്. ഖുറാനില്‍ എന്തു പൗരത്വമാണ്?
പൗരത്വമെന്ന ആശയം തന്നെ ഖുറാന് എഴുതപ്പെട്ട കാലത്തു വന്നിരുന്നില്ല. അബദ്ധജടിലമായ പ്രസംഗത്തില്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയാണു ഞാന്‍ ചെയ്തത്,’ അദ്ദേഹം പറഞ്ഞു.