|

ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കൾക്കൊപ്പം ഇനി സിനിമ ചെയ്യില്ല: അഭിലാഷ് പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കളും ലഹരി ഉപയോഗിക്കാതെ ജോലി ചെയ്യാന്‍ കഴിയാത്ത ടെക്‌നീഷ്യന്‍മാരുമൊത്ത് ഇനി സിനിമ ചെയ്യില്ലെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.

സിനിമയാണ് തനിക്ക് ലഹരിയെന്നും നാടക സംവിധായകന്‍ കൂടിയായ അഭിലാഷ് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഭിലാഷ് പിള്ളയുടെ പ്രതികരണം.

സിനിമ ലൊക്കേഷനിലെ ലഹരിക്ക് കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും അഭിലാഷ് പറഞ്ഞു. ആരെയും തിരുത്താന്‍ നില്‍ക്കുന്നില്ലെന്നും ലഹരിയുടെ അപകടം സ്വയം മനസിലാക്കി തിരുത്തിയാല്‍ എല്ലാവര്‍ക്കും നല്ലതെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.

ലഹരി ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകരുമായി അഭിനയിക്കില്ലെന്ന് അഭിനേത്രി വിന്‍സി അലോഷ്യസ് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വിന്‍സിയുടെ പരാമര്‍ശങ്ങളില്‍ വിവിധ രീതിയിലുള്ള പ്രതികരണങ്ങളും ഉണ്ടായി. പിന്നാലെ സംഭവത്തില്‍ സുപ്രധാന വെളിപ്പെടുത്തലുമായി വിന്‍സി രംഗത്തെത്തിയിരുന്നു.

താന്‍ വര്‍ക്ക് ചെയ്ത ഒരു സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഒരു നടനില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു വിന്‍സി പറഞ്ഞത്. ഈ നടന്‍ അപ്പോള്‍ ലഹരി ഉപയോഗിച്ചിരുന്നതായും വിന്‍സി പ്രതികരിച്ചിരുന്നു.

വെളിപ്പെടുത്തലിന് പിന്നാലെ ആരോപണം നേരിടുന്ന നടനെതിരെ വിന്‍സി താരസംഘടനായ എ.എം.എം.എയ്ക്ക് പരാതി നല്‍കുകയും ചെയ്തു. ഈ പരാതിയില്‍ നടന്റെയും പ്രസ്തുത സിനിമയും പേര് പുറത്തുവിടരുതെന്നും ആവശ്യപ്പെട്ടിരുന്നതായി വിന്‍സി പറയുന്നു.

നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെയാണ് വിന്‍സി പരാതിപ്പെട്ടതെന്ന വിവരം പുറത്തുവന്നതോടെയാണ് വിന്‍സി ഇക്കാര്യം വ്യക്തമാക്കിയത്.

പരാതി പിന്‍വലിക്കുമെന്ന രീതിയിലും വിശ്വാസവഞ്ചനയാണ് ഉണ്ടായതെന്നും വിന്‍സി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ പശ്ചാലത്തിലാണ് അഭിലാഷ് പിള്ളയും വിന്‍സിയുടേതിന് സമാനമായ നിലപാട് അറിയിച്ച് രംഗത്തെത്തിയത്.

വിന്‍സിയുടെ പരാതിയില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എ.എം.എം.എ ഭാരവാഹികള്‍ അറിയിച്ചിരുന്നു. ഡബ്ലിയു.സി.സി അടക്കമുള്ള സിനിമാ സംഘടനകള്‍ വിന്‍സി അലോഷ്യസിന് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: I will no longer work with actors and technicians who cannot act without intoxication: Abhilash Pillai