| Monday, 31st January 2022, 6:47 pm

തങ്ങളെ അടിമകളെപ്പോലെയാണ് ഗവര്‍ണര്‍ കാണുന്നത്; ഇനി എന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഗവര്‍ണര്‍ ഉണ്ടാവില്ല: മമതാ ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബ്ലോക്ക് ചെയ്തതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാന സര്‍ക്കാറിനെ അടിമയെ പോലെയാണ് ഗവര്‍ണര്‍ കാണുന്നതെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

ഇരുവരും തമ്മിലുള്ള ബന്ധം ഒരുപാട് തര്‍ക്കങ്ങള്‍ക്ക് ശേഷം ഒരിക്കലും ശരിയാകില്ലെന്നും അതിന്റെ സൂചനകളിലൊന്നാണ് അദ്ദേഹം ‘സംസ്ഥാനം ജനാധിപത്യത്തിന്റെ ഗ്യാസ് ചേമ്പറായി മാറി’ എന്ന് അദ്ദേഹം പറഞ്ഞതെന്നും മമത കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ മുന്‍കൂട്ടി മാപ്പ് ചോദിക്കുന്നു. എന്നെയോ എന്റെ ഉദ്യോഗസ്ഥരെയോ അധിക്ഷേപിച്ചുകൊണ്ട് അദ്ദേഹം (ജഗ്ദീപ് ധന്‍ഖര്‍) എല്ലാ ദിവസവും എന്തെങ്കിലും ട്വീറ്റ് ചെയ്യുന്നു. ഭരണഘടനാ വിരുദ്ധവും അധാര്‍മികവുമായ കാര്യങ്ങള്‍ പറയുന്നു. അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കില്ല. തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ അടിമയെ പോലെയാണ് പരിഗണിക്കുന്നത്. അതിനാലാണ് ഞാന്‍ അദ്ദേഹത്തെ എന്റെ ട്വിറ്ററില്‍ നിന്ന് ബ്ലോക്ക് ചെയ്തത്,’ മമത ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയേയും ഗവര്‍ണര്‍ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മമത പറഞ്ഞു.

ധന്‍ഖറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി തവണ കത്തെഴുതിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

‘ബംഗാള്‍ എന്ന പുണ്യഭൂമി രക്തത്തില്‍ മുങ്ങി മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കാനുള്ള പരീക്ഷണശാലയായി മാറുന്നത് എനിക്ക് കാണാന്‍ കഴിയില്ല. സംസ്ഥാനം ജനാധിപത്യത്തിന്റെ ഗ്യാസ് ചേമ്പറായി മാറുകയാണെന്ന് ആളുകള്‍ പറയുന്നു,’ എന്ന് ജഗ്ദീപ് ധന്‍ഖര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ബംഗാളില്‍ നിയമവാഴ്ചയില്ല. ഭരണാധികാരി മാത്രമാണ് ഇവിടെ ഭരിക്കുന്നത്. അധിക്ഷേപങ്ങള്‍ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് തന്നെ തടയില്ല.
ഭരണഘടന സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2019 ലെ നിയമനം മുതല്‍ മമതാ ബാനര്‍ജിയുമായി സ്ഥിരമായി വിയോജിപ്പുള്ളയാളായിരുന്നു ബി.ജെ.പിയുടെ നേതാവായ ഗവര്‍ണര്‍. മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും താന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതെ ഭരണഘടനാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ഗവര്‍ണര്‍ നേരത്തെ ആരോപിച്ചിരുന്നു.


Content Highlights: I will no longer have a governor on my Twitter account: Mamata Banerjee

We use cookies to give you the best possible experience. Learn more