കോഴിക്കോട്: ലഹരി ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകരുമായി അഭിനയിക്കില്ലെന്ന് അഭിനേത്രി വിന്‍സി അലോഷ്യസ്. കെ.സി.വൈ.എം എറണാകുളം അങ്കമാലി മേജര്‍ അതിരൂപത 67-ാം പ്രവര്‍ത്തനവര്‍ഷം പള്ളിപ്പുറം പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിന്‍സി.
ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകരുമായി ഇനിമുതല്‍ അഭിനയിക്കില്ലെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ വിന്‍സി വ്യക്തമാക്കി.
കെ.സി.വൈ.എം മേജര്‍ അതിരൂപത പ്രസിഡന്റ് ജെറിന്‍ പാറയിലാണ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത്. ആലപ്പുഴ എക്‌സൈസ് അസി. കമീഷണര്‍ ഇ.പി. സിബി ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ലോഗോ പ്രകാശിപ്പിച്ചു. കെ.സി.വൈ.എമ്മിന്റെ വരാനിരിക്കുന്ന രണ്ട് വര്‍ഷത്തെ കര്‍മപദ്ധതി സംസ്ഥാന പ്രസിഡന്റ് എബിന്‍ കണി വയലില്‍ അവതരിപ്പിച്ചു.
കഴിഞ്ഞ ദിവസം ലഹരി വേരോടെ പിഴുതെറിയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിനോടൊപ്പം പൊതു സമൂഹത്തിന്റെ ഇടപെടലും ഇതിനായി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ലഹരി വ്യാപനം തടയാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സംസാരിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കുട്ടികളിലെ ലഹരി ഉപയോഗത്തെ ആഗോളതലത്തില്‍ ഉണ്ടാകുന്ന പ്രതിഭാസമെന്ന് വേണമെങ്കില്‍ പറയാമെന്നും ലഹരി കടത്ത് ലോകമാകെ നേരിടുന്ന പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഒന്നും ചെയ്യാനില്ല എന്ന് കരുതി കയ്യുംകെട്ടി നിഷ്‌ക്രിയമായി നോക്കിയിരിക്കാന്‍ നമുക്കാവില്ലെന്നും നാശത്തിലേക്ക് തള്ളിവിടാതെ അവസാനത്തെ ആളെ പോലും രക്ഷപ്പെടുത്തുക എന്ന ദൗത്യമാണ് ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ലഹരിക്കെതിരെ വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ജനങ്ങളെയും ഏകോപിച്ചുള്ള ക്യാമ്പയിന് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
എല്‍.പി ക്ലാസുകള്‍ മുതല്‍ ലഹരിവിരുദ്ധ ബോധവത്കരണം ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. കുട്ടികളെ കായിക രംഗത്തേക്ക് ആകര്‍ഷിക്കാനായി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Content Highlight: I will no longer act with colleagues who use drugs: Vincy aloshious