ഞാനാണോ പ്രശ്നം, എങ്കിൽ ഇപ്പോൾ തന്നെ ക്ലബ്ബ് വിടാനൊരുക്കമാണ്, പക്ഷെ എനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്കണം; ബാഴ്സലോണ സൂപ്പർ കോച്ച്
DSport
ഞാനാണോ പ്രശ്നം, എങ്കിൽ ഇപ്പോൾ തന്നെ ക്ലബ്ബ് വിടാനൊരുക്കമാണ്, പക്ഷെ എനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്കണം; ബാഴ്സലോണ സൂപ്പർ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th October 2022, 2:11 pm

ബുധനാഴ്ച നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്റർ മിലാനെതിരെ ബാഴ്‌സലോണ സമനില (3-3) വഴങ്ങിയിരുന്നു. തുടർന്ന് ബാഴ്സലോണയുടെ പരിശീലകൻ സാവിയെ ചോദ്യം ചെയ്ത് നിരവധിയാളുകളാണ് ​രം​ഗത്തെത്തിയത്. ശക്തമായ വിമർശനങ്ങൾക്കിടയിലും തക്ക മറുപടി നൽകിയിരിക്കുകയാണ് സാവി.

ക്ലബ്ബിന്റെ പാളിച്ചകളിൽ പരിഹാരം ഉണ്ടാക്കാൻ തനിക്ക് സാധിക്കുന്നില്ലായെങ്കിൽ, താനാണ് പ്രശ്‌നമായി തുടരുന്നതെങ്കിൽ ക്ലബ് വിടാൻ തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്.

“എനിക്കറിയാം ഒരുപാട് സമ്മർദങ്ങളും ധാരാളം വിമർശനങ്ങളും ഉണ്ടെന്ന്, ഇതാണ് ബാഴ്‌സ. ജോലി നിർത്താൻ ഞാൻ തയ്യാറല്ല, ശ്രമം തുടർന്ന് കൊണ്ടേയിരിക്കും. എന്നാൽ സ്വയം വിശ്വാസം നഷ്ടപ്പെടുന്ന ദിവസം ഞാൻ പോകും. ബാഴ്‌സലോണക്ക് ഞാനൊരു പ്രശ്നമാകില്ല. പരിഹാരം കാണാൻ എനിക്ക് സാധിക്കില്ലെന്ന് മനസിലായാൽ ആ ദിവസം ക്ലബ് വിടും,” സാവി പറഞ്ഞു.

റയൽ മാഡ്രിഡിനെതിരായ ഏറ്റുമുട്ടലിന് മുന്നോടിയായ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് തങ്ങൾക്കും മാഡ്രിഡനും സുപ്രധാന ​ഗെയ്മാണെന്നും ആരാണ് വിജയികളായി പുറത്തുവരുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

“യൂറോപ്പിലെ പരാജയം സങ്കടകരമാണ്, പക്ഷേ ഞങ്ങൾ നല്ല പാതയിലാണ്. ലാ ലിഗ സീസൺ ഞങ്ങൾ ഗംഭീരമായി തുടങ്ങുകയും മികച്ച സൈനിങ്ങുകൾ നടത്തുകയും ചെയ്തു. പരിശ്രമം തുടരുകയല്ലാതെ വിജയത്തിലേക്ക് മറ്റ് വഴികൾ എനിക്കറിയില്ല,” സാവി വ്യക്തമാക്കി.

ലാ ലിഗ പോയിന്റ് പട്ടികയിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും തുല്യ സ്ഥാനക്കാരാണ്. 22 പോയിന്റ് വീതമാണ് ഇരുകൂട്ടരും നേടിയത്. എന്നാൽ ഗോൾ ശരാശരിയിൽ ബാഴ്സയാണ് മുന്നിൽ. നാല് മത്സരങ്ങൾക്ക് ശേഷം സാവിയുടെ ടീം നിലവിൽ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്, രണ്ടാം സ്ഥാനത്തുള്ള ഇന്റർ മിലാന് മൂന്ന് പോയിന്റ് പിന്നിലാണ്.

റയൽ മാഡ്രിഡ് – ബാഴ്‌സലോണ പോരാട്ടം ഇന്ന് വൈകുന്നേരം 7:45ന് ആരംഭിക്കും.

 

Content HIghlights: I Will Leave Barcelona If I’m The Problem, says Xavi