| Friday, 12th February 2021, 12:36 pm

മുസ്‌ലിമിന് പ്രധാനമന്ത്രിയാകുക എന്നത് ആഗ്രഹിക്കാന്‍ പോലും കഴിയാത്ത സാഹചര്യം; കശ്മീരില്‍ കരിമഞ്ഞ് പെയ്യുമ്പോഴേ ബി.ജെ.പിയില്‍ ചേരൂവെന്നും ഗുലാം നബി ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ‘കശ്മീരില്‍ കരിമഞ്ഞ് പെയ്യുമ്പോഴേ ഞാന്‍ ബി.ജെ.പിയില്‍ ചേരൂ’ എന്നാണ് ഗുലാം നബി ആസാദ് ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തയോട് പ്രതികരിച്ചത്.

ഗുലാം നബി ആസാദിന്റെ രാജ്യസഭയിലെ അവസാന ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകാരികമായിട്ടായിരുന്നു സംസാരിച്ചത്. ഇതിന് പിന്നാലെയാണ് ഗുലാം നബി ആസാദ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഒരിക്കലും താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്നും അത്തരം അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

90 മുതല്‍ നരേന്ദ്രമോദിയുമായി സംവാദങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. അവിടെ മോദിയുമായി ഏറ്റുമുട്ടിയിട്ടുണ്ട്. പരസ്പരം ചായ കുടിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന പ്രചാരണത്തെ കുറിച്ച് അറിയില്ലെന്നും ആസാദ് പറഞ്ഞു. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരാരായാലും അവര്‍ക്ക് എന്നെ അറിയില്ല.

ചെറുപ്പക്കാരനായ ഒരു മുസ്‌ലിം നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും സമീപഭാവിയിലൊന്നും അതിനുളള സാധ്യതകളുളളതായി താന്‍ കാണുന്നില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഗുലാം നബി ആസാദ് പറഞ്ഞു.

2018-ല്‍ അലിഗഡ് സര്‍വകലാശാലയില്‍ ഗുലാം നബി ആസാദ് നടത്തിയ ഒരു പ്രസംഗം ചര്‍ച്ചയായിരുന്നു. രാജ്യത്തെ അന്തരീക്ഷം ദുഷിച്ചുവെന്നും ഭയം മൂലം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്നെ വിളിക്കുന്ന ഹിന്ദു കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം പോലും കുറഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനും ആസാദ് മറുപടി നല്‍കി.

ആദ്യകാലത്ത് 99 ശതമാനം നേതാക്കളും തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിളിച്ചിരുന്നെങ്കില്‍ ഇന്നത് 40 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. അലിഗഡിലെ പൂര്‍വവിദ്യാര്‍ഥികള്‍ അവിടെ കൂടിയിരുന്നു. പഴയ ഇന്ത്യയെ തിരിച്ചുകൊണ്ടുവരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.

1979ലെ തെരഞ്ഞെടുപ്പില്‍ 95 ശതമാനം സമ്മതിദായകരും ഹിന്ദുക്കളായിരുന്ന മഹാരാഷ്ട്രയില്‍ നിന്ന് ഞാന്‍ മത്സരിച്ചു.
അന്ന് എനിക്കെതിരേ ജനതാ പാര്‍ട്ടിയുടെ ഹിന്ദു സ്ഥാനാര്‍ഥിയും മത്സരിച്ചിരുന്നു. എന്നിട്ടും ഞാന്‍ വിജയിച്ചു. അതായിരുന്നു പഴയ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ പാകിസ്താനിലേക്ക് പോകാത്ത ഭാഗ്യവാന്മാരില്‍ ഒരാളാണ് താനെന്നും ഹിന്ദുസ്ഥാനി മുസ്‌ലിം ആയതില്‍ അഭിമാനിക്കുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. കശ്മീരില്‍ ഭീകരതയ്ക്ക് അറുതി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും കാരണമാണ് താന്‍ പാര്‍ലമെന്റില്‍ എത്തിയതെന്ന് ആസാദ് പറഞ്ഞിരുന്നു. ‘ബി.ജെ.പി.യുമായല്ല, അടല്‍ജിയുമായി ബന്ധം പുലര്‍ത്തുക’ എന്ന് ഇന്ദിരാഗാന്ധി പറയാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

‘അടല്‍ജി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഞാന്‍ പാര്‍ലമെന്ററി കാര്യമന്ത്രിയായിരുന്നു. അന്ന് ഞങ്ങള്‍ക്ക് ഭൂരിപക്ഷമില്ലായിരുന്നു. എന്നാല്‍, സഭ പ്രവര്‍ത്തിപ്പിക്കുന്നതിന് ഏറ്റവും എളുപ്പമുള്ള അഞ്ചുവര്‍ഷം അതായിരുന്നു. കാര്യക്ഷമമായ പ്രതിപക്ഷനേതാവാകുന്നത് എങ്ങനെയെന്ന് അടല്‍ജിയില്‍ നിന്ന് ഞാന്‍ പഠിച്ചു,’ ആസാദ് പറഞ്ഞു.

അതേസമയം ഗുലാം നബി ആസാദിനെ കുറിച്ച് സംസാരിക്കവേ മോദിയുടെ കണ്ണുകള്‍ നിറഞ്ഞത് ചര്‍ച്ചയായിരുന്നു. പാര്‍ലമെന്റില്‍ ഗുലാം നബി ആസാദും മോദിയും തൊട്ടടുത്ത സീറ്റുകളിലാണ് ഇരിക്കുന്നത്. ഇരുവരും ഗുജറാത്തിലേയും ജമ്മുകശ്മീരിലേയും മുഖ്യമന്ത്രിമാര്‍ ആയിരിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവെക്കുമ്പോഴായിരുന്നു മോദി കരഞ്ഞത്. എന്നാല്‍ മോദിയുടേത് കരച്ചില്‍ നാടകമാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: ‘I will join the BJP when we have black snow in Kashmir’: Ghulam Nabi Azad

We use cookies to give you the best possible experience. Learn more