| Friday, 30th August 2019, 12:07 pm

ആരെയൊക്കെ കാണണമെന്ന് ആവശ്യപ്പെട്ടാണ് ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടത്; യെച്ചൂരി-തരിഗാമി കൂടിക്കാഴ്ചയില്‍ പ്രതികരിച്ച് ഗുലാം നബി ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്ന സി.പി.ഐ.എം നേതാവ് യൂസഫ് തരിഗാമിയെ സുപ്രീം കോടതി അനുമതിയോടെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിച്ച വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഗുലാം നബി ആസാദ്.

ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി തന്റെ സംസ്ഥാന നേതാവിനെ കാണാനായി സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്ന സാഹചര്യം എത്ര ലജ്ജാകരമാണ് എന്നായിരുന്നു ഗുലാം നബി ആസാദിന്റെ ചോദ്യം. അത്തരമൊരു വഴി കോണ്‍ഗ്രസിന് തിരഞ്ഞെടുക്കുന്നതില്‍ പ്രയോഗികമായി ബുദ്ധിമുട്ടുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും ഇത്തരത്തില്‍ ഒരു നീക്കം നടത്തുമോ എന്ന ചോദ്യത്തിന് രണ്ടും രണ്ട് സാഹചര്യമാണെന്നായിരുന്നു ഗുലാം നബി ആസാദ് പറഞ്ഞത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജമ്മു കശ്മീരില്‍ പരിമിതമായ സാന്നിധ്യമാണ് ഉള്ളത്. എന്നാല്‍ ബ്ലോക്കുകള്‍ വരെ സംസ്ഥാനത്തുടനീളം ഞങ്ങള്‍ക്ക് സാന്നിധ്യമുണ്ട്. ഏത് നേതാവിനെ കാണണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടേണ്ടത്? എനിക്കും കോണ്‍ഗ്രസിനും അത് ബുദ്ധിമുട്ടാണ്.

ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന നേതാക്കളുടെ ഒരു വലിയ പട്ടിക തന്നെ നല്‍കേണ്ടതായി വരും. ഇത്തരമൊരു സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിച്ചതാണ്, ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിക്ക് നാല് തവണ എം.എല്‍.എയും സംസ്ഥാന മേധാവിയുമായ തന്റെ സഹപ്രവര്‍ത്തകന്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നു. ഇത് എത്ര വിചിത്രമാണ്? ഈ അവസരത്തിലെങ്കിലും സുപ്രീം കോടതി വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് ആലോചിക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്ര ഗുരുതര സാഹചര്യമായിട്ടും സംസ്ഥാന ഭരണകൂടത്തില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ ആരും എന്നെ സമീപിച്ചിട്ടില്ലെന്നതും വിചിത്രമാണ്.ഒരു ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ പോലും എന്നെ സമീപിച്ചിട്ടില്ല…” ക്ഷമിക്കണം, ഞങ്ങള്‍ നിങ്ങളെ അനുവദിക്കുന്നില്ലെന്ന് പറയാന്‍ ഇതാണ് കാരണം… അല്ലെങ്കില്‍ ഇതാണ് അവിടെ സംഭവിക്കുന്നത്..അങ്ങനെയെങ്കിലും ഒരു വാക്ക്.
പ്രതിപക്ഷ നേതാവാണെന്ന കാര്യം പോട്ടെ. ആ സംസ്ഥാനത്തിന്റെ എം.പിയായ വ്യക്തിയാണ് ഞാന്‍- ഗുലാം നബി ആസാദ് പറഞ്ഞു.

അവിടെ എന്താണ് നടക്കുന്നതെന്ന് ദൈവത്തിനു മാത്രമേ അറിയൂ. പറയാന്‍ വളരെ പ്രയാസമുണ്ട്. ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. 21 ആം നൂറ്റാണ്ടിലാണ് ഇത് സംഭവിക്കുന്നതെന്ന് ഓര്‍ക്കണം.

അവര്‍ സംസ്ഥാനത്തെ രണ്ടായി വിഭജിച്ചു, സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി ആര്‍ട്ടിക്കിള്‍ 35 എയും, 370 ഉം റദ്ദാക്കി. അവര്‍ ഒറ്റയടിക്ക് നിരവധി കാര്യങ്ങള്‍ ചെയ്തു.എന്തായിരിക്കും ഇതിന്റെ പ്രത്യാഘാതമെന്ന് എനിക്ക് ഉറപ്പില്ല.

ജമ്മു കശ്മീരിലെ ജനങ്ങളുടെ മനസ്സ് എന്തായിരിക്കും. ഞാന്‍ അറിയുന്ന കാര്യങ്ങള്‍ വെച്ച് വളരെ ഭയാനകമായ സാഹചര്യമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബിബിസി, അല്‍ ജസീറ, തുടങ്ങിയ വിദേശ മാധ്യമങ്ങള്‍ എഴുതുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നില്ല. അത് കേള്‍ക്കുന്നത് പോലും ഞെട്ടലുണ്ടാക്കുന്നു. ഇതെല്ലാം നേരിട്ട് അറിയണമെങ്കില്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയണം. അവിടെ നേരിട്ടെത്തണം. പക്ഷേ നിവൃത്തിയില്ല. ഈ നാലാഴ്ചയ്ക്കുള്ളില്‍ സുരക്ഷാ സേന ആളുകളെ എത്രമാത്രം ഉപദ്രവിച്ചിട്ടുണ്ടാകാമെന്നതുപോലും അറിയില്ല- ഗുലാം നബി ആസാദ് പറഞ്ഞു.

നിങ്ങള്‍ ജമ്മു കശ്മീര്‍ ആളുകളെ വീട്ടില്‍ പൂട്ടിയെന്ന് ഉറപ്പുവരുത്തിയ ശേഷം ടെലിവിഷനിലൂടെ പ്രഖ്യാപിക്കുകയാണ്. ഇതെല്ലാം തമാശയാണ്. ജമ്മു കശ്മീര്‍ ജനതയുടെ വികാരം സര്‍ക്കാരിനെ അലട്ടുനില്ല. ഇത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ്. മൂന്ന് തവണയാണ് ജമ്മു കശ്മീര്‍ ജനതയെ ഭരണകൂടം വഞ്ചിച്ചത്- ഗുലാം നബി ആസാദ് പറഞ്ഞു.

We use cookies to give you the best possible experience. Learn more