| Wednesday, 15th November 2023, 8:21 pm

മോദി അദാനി ഗ്രൂപ്പിന് കൊടുത്ത അത്രയും പണം ഞാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കും: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: താന്‍ വിഡ്ഢികളുടെ രാജാവാണെന്നുള്ള നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ മറുപടിയുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. തനിക്കെതിരെ മോദി ഉപയോഗിച്ച ആക്ഷേപ വാക്കുകള്‍ തങ്ങളുടെ പ്രവര്‍ത്തങ്ങളില്‍ പ്രകോപിതനായതിനാല്‍ ഉണ്ടാവുന്നതാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വരാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പുമായി കേന്ദ്രസര്‍ക്കാര്‍ പണമിടപാട് നടത്തുന്നുണ്ടെന്ന് രാഹുല്‍ ആരോപിച്ചു, എന്നാല്‍ താന്‍ രാജ്യത്തെ ദരിദ്രരായ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനാണ് താത്പര്യപെടുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മോദി എവിടെ പോയാലും തന്നെ മോശമായി ചിത്രീകരിക്കുമെന്നും ആക്ഷേപിക്കുകയും അസംബന്ധം പറയുകയും ചെയ്യുമെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരെ ആക്ഷേപ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ താന്‍ ശരിയാണെന്നുള്ള ചിന്താഗതിയോട് കൂടിയാണ് മോദി സംസാരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

എന്നാല്‍ താന്‍ ഇതൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നും മോദി അദാനി ഗ്രൂപ്പിന് എത്രമാത്രം പണം കൊടുത്തുവോ അത്രയും പണം ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്നും (ജിത്ന പൈസ നരേന്ദ്ര മോദി അദാനി കോ ദേതാ, ഹൈ ഉത്‌ന പൈസ മേ ഗരീബോ കോ ദുംഗ) രാഹുല്‍ ഗാന്ധി പറഞ്ഞു.

ശതകോടീശ്വരന്മാരെ സഹായിക്കുന്നതല്ല യഥാര്‍ത്ഥ രാഷ്ട്രീയമെന്ന് താന്‍ മോദിക്ക് കാണിച്ചുകൊടുക്കുമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ തൊഴില്‍രഹിതരെയും കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയും സഹായിക്കുന്നതിലൂടെയാണ് യഥാര്‍ത്ഥ രാഷ്ട്രീയം സംഭവിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാം. എത്ര വേണമെങ്കിലും അധിക്ഷേപിക്കാം. ഞാന്‍ ചെയ്യുന്നത് ശരിയായ ജോലിയാണെന്ന് നിങ്ങളുടെ അധിക്ഷേപങ്ങള്‍ തെളിയിക്കുന്നു. എന്റെ പ്രവര്‍ത്തങ്ങളിലൂടെ യഥാര്‍ത്ഥ രാഷ്ട്രീയം എന്താണെന്ന് ഞാന്‍ കാണിച്ചു തരാം,’ രാഹുല്‍ പറഞ്ഞു.

ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും മുന്‍നിര്‍ത്തി ‘മെയ്ഡ് ഇന്‍ ചൈന’ മൊബൈല്‍ ഫോണുകളാണ് ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നതെന്ന രാഹുലിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് മോദി രാഹുലിനെ വിഡ്ഢികളുടെ നേതാവ് എന്ന് വിശേപ്പിച്ചത്.

സംഭവത്തില്‍ മോദി പൊതുജനങ്ങളെയും തങ്ങളുടെ നേതാവിനെയും വാക്കാല്‍ അധിക്ഷേപിച്ചുവെന്നും ആരെയും പരിഗണിക്കാത്തവിധം പ്രധാനമന്ത്രി മോദി അഹങ്കാരിയായി മാറിയിരിക്കുന്നുവെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ് താന്‍ വഹിക്കുന്ന പദവിയുടെ മഹത്വം പ്രധാനമന്ത്രി ഓര്‍ക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: I will give the people of India as much money as Modi gave to Adani Group: Rahul Gandhi

We use cookies to give you the best possible experience. Learn more