| Saturday, 16th March 2019, 11:09 pm

കെ.വി തോമസിന്റെ ഗൈഡന്‍സിലായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക; ഹൈബി ഈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഏറ്റവും പക്വമതിയായ രാഷ്ട്രീയ നേതാവാണ് കെ.വി തോമസ് എന്നും എറണാകുളത്തിന് അദ്ദേഹം നല്‍കിയ പങ്ക് വലുതാണെന്നും എറണാകുളത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. സിറ്റിങ്ങ് എം.പി ആയ കെ.വി തോമസിനെ തഴഞ്ഞാണ് എം.എല്‍.എ കൂടിയായ ഹൈബി ഈഡനെ എറണാകുളത്ത് നിന്ന് മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

എന്നാല്‍ കെ.വി തോമസ് എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തിന് തീരുമാനത്തെക്കുറിച്ച് മതിയായ കമ്യൂണിക്കേഷന്‍ ലഭിച്ചില്ല എന്നതാണ് ഇത്തരത്തിലുള്ള പ്രതികരണത്തിന്റെ കാരണമെന്ന് താന്‍ കരുതുന്നതായി ഹൈബി ഈഡന്‍ പറഞ്ഞു.

എല്‍.ഡി.എഫിന്റെ പി.രാജീവിനെതിരെയുള്ള മത്സരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തികള്‍ക്കല്ല, രാഷ്ട്രീയത്തിനാണ് പ്രസക്തിയെന്നായിരുന്നു ഹൈബി ഈഡന്റെ മറുപടി. പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിലെ അപാകതയും, അക്രമരാഷ്ട്രീയവും ചോദ്യം ചെയ്തു കൊണ്ടായിരിക്കും എല്‍.ഡി.എഫിനെ നേരിടുകയെന്നും ഹെെബി പറഞ്ഞു.

എറണാകുളത്ത് സീറ്റ് നിഷേധിച്ചതില്‍ താന്‍ ദുഖിതനാണെന്ന് കെ.വി തോമസ് പറഞ്ഞിരുന്നു. ഞാന്‍ എന്ത് തെറ്റു ചെയ്തുവെന്ന് അറിയില്ലെന്നും ഏഴ് പ്രാവശ്യം ജയിച്ചത് എന്റെ തെറ്റല്ലെന്നുമായിരുന്നു തോമസ് പറഞ്ഞത്. മണ്ഡലത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടായിരുന്നു കെ.വി തോമസിന്റെ പ്രതികരണം.താന്‍ ഒരു ഗ്രൂപ്പിന്റേയും ആളല്ലെന്നും ജനങ്ങള്‍ക്കൊപ്പം ഇനിയും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ചെറിയൊരു സൂചന പോലും തരാതിരുന്നത് മോശമായി പോയെന്നും പാര്‍ട്ടിക്ക് പറയാമായിരുന്നുവെന്നും പറഞ്ഞ കെ.വി തോമസ് ഏല്‍പ്പിച്ച ജോലികള്‍ എല്ലാം കൃത്യമായി ചെയ്ത വ്യക്തിയാണ് താനെന്നും വ്യക്തമാക്കിയിരുന്നു.

പ്രായമായത് എന്റെ കുറ്റമല്ല, ഞാന്‍ എന്ത് തെറ്റു ചെയ്തു; പൊട്ടിത്തെറിച്ച് കെ.വി തോമസ്

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാല് മണ്ഡലം ഒഴികെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എറണാകുളത്ത് ഹൈബി ഈഡനെയും തൃശൂരില്‍ ടി.എന്‍ പ്രതാഭനേയും മാവേലിക്കരയില്‍ സുരേഷ് കൊടുക്കുന്നിലിനേയും ചാലക്കുടിയില്‍ ബെന്നി ബെനഹന്നാനേയും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനേയും മത്സരിപ്പിക്കും. കാസര്‍ഗോഡ് അപ്രതീക്ഷി സ്ഥാനാര്‍ത്ഥിയായി രാജ്മോഹന്‍ ഉണ്ണിത്താന്‍. ജില്ലാ നേതാവ് സുബ്ബയ്യ റാവുവിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഉണ്ണിത്താന് നറുക്ക് വീഴുകയായിരുന്നു.

വടകര, വയനാട്, ആറ്റിങ്ങല്‍, ആലപ്പുഴ എന്നീ നാലു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇനിയും തീരുമാനിക്കാനുള്ളത്. 16 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. രണ്ടു സീറ്റുകളില്‍ ലീഗും, രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് മാണി വിഭാഗവുമാണ് മത്സരിക്കുന്നത്.

ഈ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരിക്കും ഇത് തീരുമാനിക്കുക എന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

വടകരയില്‍ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു. അതേസമയം സിറ്റിങ് എം.പിയായ തനിക്ക് സീറ്റ് ലഭിക്കാത്തതില്‍ ദു:ഖമുണ്ടെന്ന് കെ.വി തോമസ് പറഞ്ഞു. കെ.വി തോമസിന് പകരം എറണാകുളത്ത് മത്സരിക്കുന്നത് ഹൈബി ഈഡനാണ്.

എല്‍.ഡി.എഫിന്റെ പി.രാജീവിനെ പോലെ ഒരു സ്ഥാനാര്‍ത്ഥിയോട് ശക്തമായ മത്സരം ഉണ്ടാകുമെന്നതിനാലാണ് എം.എല്‍.എ ആയ ഹൈബി ഈഡനെ എറണാകുളത്ത് പരിഗണിച്ചതെന്നാണ് നിരീക്ഷണം.

We use cookies to give you the best possible experience. Learn more