| Saturday, 11th November 2023, 6:39 pm

മുസ്‌ലിങ്ങളുടെ ക്ഷേമത്തിന് വേണ്ടി എന്റെ പിതാവ് ചെയ്തതിൽ കൂടുതൽ ഞാൻ ചെയ്യും: ജഗൻ മോഹൻ റെഡ്‌ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിജയവാഡ: മുസ്‌ലിങ്ങളുടെ ക്ഷേമത്തിന് തന്റെ പിതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്. രാജശേഖർ റെഡ്‌ഡി ചെയ്തതിൽ കൂടുതൽ താൻ ചെയ്യുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്‌ഡി.

‘മുസ്‌ലിങ്ങളുടെ ക്ഷേമത്തിന് എന്റെ അച്ഛൻ ഒരു ചുവട് വച്ചിട്ടുണ്ടെങ്കിൽ അഭിമാനത്തോടെ ഞാൻ രണ്ട് ചുവട് വെക്കും,’ വിജയവാഡയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിൽ ജഗൻ മോഹൻ റെഡ്‌ഡി പറഞ്ഞു.

2019ൽ വൈ.എസ്.ആർ.സി.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലും സ്ത്രീ ശാക്തീകരണത്തിലും മുസ്‌ലിം സമുദായത്തിൽ വലിയ രീതിയിൽ മാറ്റങ്ങൾ ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ഭരണവും ചന്ദ്രബാബു നായിഡുവിന്റെ മുൻ ടി.ഡി.പി സർക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനും അദ്ദേഹം മുസ്‌ലിം സമുദായത്തോട് ആവശ്യപ്പെട്ടു.

നായിഡുവിന്റെ മന്ത്രി സഭയിൽ ഒരു മുസ്‌ലിം നേതാവിനെ പോലും മന്ത്രിയാക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും തന്റെ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി മുസ്‌ലിം നേതാവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. 2008 ഇതേദിവസം ന്യൂനപക്ഷക്ഷേമ ദിനമായും ആന്ധ്രാപ്രദേശിൽ ആചരിക്കുന്നു.

പാവപ്പെട്ട മുസ്‌ലിങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ വ്യക്തി തന്റെ പിതാവായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.

Content Highlight: I Will Do More Than My Father For Welfare Of Muslims, Says Jagan Reddy

We use cookies to give you the best possible experience. Learn more