national news
മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷമെ ഞാന്‍ മരിക്കുകയുള്ളൂ; ദേഹാസ്വാസ്ഥ്യമുണ്ടായതിന് പിന്നാലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 30, 04:04 am
Monday, 30th September 2024, 9:34 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താകുന്നത് വരെ താന്‍ മരിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആ ലക്ഷ്യം പൂര്‍ത്തികരിക്കുന്നത് വരെ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ലെന്ന് പറഞ്ഞ ഖാര്‍ഗെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.

ജസോര്‍ട്ടയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ദേഹസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി പോരാട്ടം തുടരും. ഞങ്ങള്‍ അത് അവസാനിപ്പിക്കാന്‍ പോകുന്നില്ല. എനിക്ക് 83 വയസ്സായി, എന്നിരിന്നാലും ഞാന്‍ അത്ര നേരത്തെയൊന്നും മരിക്കാന്‍ സാധ്യതയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നത് വരെ ഞാന്‍ ജീവനോടെയിരിക്കും. ഞാന്‍ നിങ്ങളെ കേട്ടുകൊണ്ടേയിരിക്കും. ഞാന്‍ നിങ്ങള്‍ക്കായി പോരാടിക്കൊണ്ടെയിരിക്കും,’ ഖാര്‍ഗെ റാലിക്കിടെ പറഞ്ഞു.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഭരണം നടത്തുന്നതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാറിന് കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് യാതൊരു താത്പര്യവുമുണ്ടായിരുന്നില്ലെന്നും സുപ്രീം കോടതി ഉത്തരവ് വന്നതിന് ശേഷം മാത്രമാണ് അവര്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.

കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ ബി.ജെ.പി ഗവണ്‍മെന്റിന് അധികാരമുണ്ടായിട്ടും അത് നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തുകയുണ്ടായി. മറിച്ച് അവര്‍ ഖനനം, മദ്യം തുടങ്ങിയ സുപ്രധാന മേഖലകളില്‍ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമം നടത്തിയതെന്നും കശ്മീരിലെ യുവാക്കളുടെ ഭാവിക്കുവേണ്ടി മോദിജി മുതലക്കണ്ണീരൊഴുക്കുകയായിരുന്നുവെന്നും ഖാര്‍ഗെ ആരോപിക്കുകയുണ്ടായി.

അതേസമയം റാലിയില്‍ സംസാരിക്കുന്നതിനിടെ തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഖാര്‍ഗേ ഉദ്ദംപൂരില്‍ നടത്താനിരുന്ന രണ്ടാമത്തെ റാലി റദ്ദാക്കിയിരുന്നു.

ഖാര്‍ഗെക്ക് പുറമെ ബി.ജെ.പിക്കായി പ്രചാരണം നടത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും രംഗത്തുണ്ട്. ഇരുവരും കഴിഞ്ഞ ദിവസം (ഞായറാഴ്ച) ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ നടത്തി.

കശ്മീര്‍ താഴ്‌വരയിലെ ബന്ദിപ്പോര ജില്ലയിലെ റാലിയില്‍ രാജ്‌നാഥ് സിങ്, പാകിസ്ഥാന്‍ അയല്‍ രാജ്യമായ ഇന്ത്യയുമായി സൗഹൃദബന്ധം പുലര്‍ത്തിയിരുന്നെങ്കില്‍ അവര്‍ക്ക് അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് (ഐ.എം.എഫ്) ആവശ്യപ്പെടുന്നതിനേക്കാള്‍ വലിയ പാക്കേജ് ഇന്ത്യ നല്‍കുമായിരുന്നെന്ന് പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട തെരഞ്ഞെടുപ്പ് നാളെ (ചെവ്വാഴ്ച്ച)യാണ്. ഫലപ്രഖ്യാപനം ഒക്ടോബര്‍ എട്ടിനുണ്ടാവും. പാകിസ്ഥാന്‍, ഭീകരവാദം, കശ്മീരിന്റെ സംസ്ഥാന പദവി, ആര്‍ട്ടിക്കിള്‍ 370ന്റെ റദ്ദാക്കല്‍ എന്നിവയാണ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങള്‍. പത്ത് വര്‍ഷത്തിന് ശേഷമാണ് കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Content Highlight: I will die after removing Modi from power says Mallikarjun Kharge after falling ill