| Thursday, 20th April 2023, 4:26 pm

'ഞാന്‍ മൂന്ന് സീറ്റില്‍ മത്സരിക്കും, ചോദിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം'; മാധ്യമങ്ങളോട് കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: തെരഞ്ഞെടുപ്പില്‍ താന്‍ മൂന്ന് സീറ്റുകളില്‍ മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വരുന്ന തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള സുരേന്ദ്രന്റെ പ്രതികരണമായിരുന്നു ഇത്. താന്‍ മൂന്ന് സീറ്റിലും മത്സരിക്കും അത് ചോദിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

മോദിയുടെ ഭരണത്തില്‍ മറ്റ് പാര്‍ട്ടികളിലെ നേതാക്കന്മാര്‍ക്ക് മാത്രമാണ് വേവലാതിയെന്നും അണികള്‍ക്ക്, ഭരണം നല്ലതാണെന്ന ധാരണയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തിരുന്ന് കൊണ്ട് അവര്‍ക്ക് അത് പറയാന്‍ കഴിയാത്തതാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ചിരുന്നു. രണ്ടിടത്തും പരാജയമായിരുന്നു ഫലം. പത്തനംതിട്ടയിലെ കോന്നി, കാസര്‍ഗോട്ടെ മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലായിരുന്നു സുരേന്ദ്രന്‍ മത്സരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തെ മലയാളികള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം എന്ന പരിപാടി രാഷ്ട്രീയ പ്രേരിത സമ്മേളനമല്ലെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

വികസന കാര്യത്തില്‍ കേരളത്തിന് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പമെത്താന്‍ കഴിയുന്നില്ലെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംസ്ഥാനത്തെ വികസനക്കുതിപ്പിന് ആക്കം കൂട്ടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടി കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് തുടക്കമിടുമെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും ഒരു പോലെ ഭയപ്പെടുത്തുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചക്ക് അഭ്യര്‍ത്ഥന വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിക്കുന്നതിനനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഏപ്രില്‍ 25നാണ് കൊച്ചിയില്‍ യുവം 2023 എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയും ഈ പരിപാടികളുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യുവസമൂഹം കാണിക്കുന്ന താത്പര്യം ഡി.വെ.എഫ്.ഐയെയും കോണ്‍ഗ്രസിനെയും ആശങ്കപ്പെടുത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Content Highlights: ‘I will contest in three seats,’: K. Surendran

We use cookies to give you the best possible experience. Learn more