ന്യൂദൽഹി: ബി.ജെ.പിക്ക് കീഴിലുള്ള 22 സംസ്ഥാനങ്ങളിലും വൈദ്യുതി സൗജന്യമാക്കിയാൽ 2025ലെ ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി പ്രചരണം നടത്തുമെന്ന് ആം ആദ്മി പാർട്ടി (എ.എ.പി) തലവൻ അരവിന്ദ് കെജ്‌രിവാൾ. എ.എ.പിയുടെ ‘ജനതാ കി അദാലത്ത്’ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് മോദിജിയോട് ഒരു കാര്യം പറയാൻ ആഗ്രഹമുണ്ട്, അടുത്ത സെപ്റ്റംബറിൽ നിങ്ങൾക്ക് 75 വയസ്സ് തികയുകയും വിരമിക്കുകയും ചെയ്യും. നിങ്ങൾക്ക് ഒരു വർഷം കൂടി ബാക്കിയുണ്ട്. ഞാൻ മോദിജിയെ വെല്ലുവിളിക്കുന്നു, അടുത്ത ഒരു വർഷത്തിനുള്ളിൽ നിങ്ങളുടെ ഭരണത്തിൻ കീഴിലുള്ള 22 സംസ്ഥാനങ്ങളിൽ സ്കൂളുകൾ നന്നാക്കുക. അല്ലെങ്കിൽ സൗജന്യ വൈദ്യുതി നൽകുക. ഫെബ്രുവരിക്ക് മുമ്പ് വൈദ്യുതി സൗജന്യമാക്കുകയാണെങ്കിൽ ദൽഹി തെരഞ്ഞെടുപ്പിൽ മോദിജിക്ക് വേണ്ടി ഞാൻ പ്രചരണം നടത്തും,’ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മോദി സർക്കാർ ഇരട്ട കൊള്ളയടിയാണ് നടത്തുന്നത്, അതിനാലാണ് ഡബിൾ എഞ്ചിൻ സർക്കാർ എന്ന് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ഡബിൾ എഞ്ചിൻ സർക്കാരിനെ ഞങ്ങൾ ഒഴിവാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മോദിയുടെ ഇരട്ട എഞ്ചിൻ സർക്കാർ തകരാറിലായി. ജൂണിൽ 240 സീറ്റുകൾ ലഭിച്ചപ്പോൾ ഒരു എൻജിൻ തകരാറിലായിരുന്നു. ഇപ്പോൾ രണ്ടാമത്തെ എഞ്ചിൻ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തകരാറിലാണ്. ഡബിൾ എഞ്ചിൻ സർക്കാർ അർത്ഥമാക്കുന്നത് പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി എന്നിവയാണെന്ന് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് രാജ്യത്തുടനീളം അവരുടെ സർക്കാരുകൾ അധികാരത്തിൽ നിന്ന് പോകുന്നത്, ‘അദ്ദേഹം പറഞ്ഞു.
2025 ഫെബ്രുവരിയിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ‘ഡബിൾ എഞ്ചിൻ ഗവൺമെൻ്റ് ഉണ്ടാക്കുക’ എന്ന് ബി.ജെ.പി പറയുമെന്നും എന്നാൽ ഇരട്ട കൊള്ളയടിക്കുന്ന, ഇരട്ട എഞ്ചിൻ സർക്കാർ വേണ്ടെന്ന് ജനങ്ങൾ അവരോട് പറയണമെന്നും കെജ്‌രിവാൾ പറഞ്ഞു.
Content Highlight: I will campaign for PM Modi in Delhi Assembly election if he makes electricity free in all 22 States under BJP: Arvind Kejriwal