ചെന്നൈ: താന്‍ ജീവിച്ചിരിക്കുന്നവരെ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്ന് മക്കള്‍ നീതിമയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ പ്രസ്താവനയുമായി കമല്‍ഹാസന്‍ രംഗത്ത് എത്തിയത്.
തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചവരെ നാടോടികള്‍ എന്നും യാത്രക്കാര്‍ എന്നുമാണ് കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്.
പരാജയപ്പെട്ടതിനുശേഷം, അവരുടെ കടമകള്‍ക്കനുസൃതമായി ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ഒരു നല്ല ജനാധിപത്യ മാര്‍ഗമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.
എന്നാല്‍ ചില ആളുകള്‍ക്ക്, സംഭവിച്ച തെറ്റുകള്‍ മറയ്ക്കുകയും ചുമതലകള്‍ മറക്കുകയും ചെയ്യുന്നത് ജനാധിപത്യപരമാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ തള്ളിപറഞ്ഞവര്‍ക്ക് പോകാമെന്നും പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള ആളുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി നേരിട്ടതിന് പിന്നാലെ പ്രധാന നേതാക്കള്‍ മക്കള്‍ നീതി മയ്യത്തില്‍ നിന്ന് രാജിവെച്ചിരുന്നു. മുന്‍മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സന്തോഷ് ബാബു അടക്കമുള്ള നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചത്. തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി പാര്‍ട്ടി നേരിട്ടതോടെ നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പാര്‍ട്ടി വൈസ് പ്രസിഡന്റ് ആര്‍. മഹേന്ദ്രനും രാജിവെച്ചവരുടെ കൂട്ടത്തില്‍ ഉണ്ട്. ഇതിന് പിന്നാലെ അണികളോട് അഭിപ്രായങ്ങളും പ്രതികരണങ്ങളും ആരാഞ്ഞ് കമല്‍ മെയില്‍ അയച്ചിരുന്നു.
കമല്‍ഹാസന്‍ നയിക്കുന്ന പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആര്‍. മഹേന്ദ്രന്‍ രാജിവെച്ചത്.മുകളിലുള്ള കുറച്ച് ഉപദേശകരാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും കമല്‍ പാര്‍ട്ടിയുടെ ചക്രം തിരിക്കുന്നത് നല്ല രീതിയിലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പാര്‍ട്ടിക്കകത്ത് ഒരു ജനാധിപത്യവും തോന്നിയില്ലെന്നും മഹേന്ദ്രന്‍ പറഞ്ഞിരുന്നു.
മഹേന്ദ്രന് പുറമെ, മറ്റു മുതിര്‍ന്ന നേതാക്കളായ എ. ജി മൗര്യ, സി. കെ കുമാരവേല്‍, ഉമാദേവി, എം. മുരുകാനന്ദന്‍ എന്നിവരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു.