| Friday, 7th December 2012, 10:41 am

എന്തും നേരിടാന്‍ തയ്യാര്‍: മനീഷ കൊയ്‌രാള

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനീഷ കൊയ്‌രാളയ്ക്ക് ക്യാന്‍സറാണെന്ന് ഏതാനും ദിവസം മുമ്പാണ് സ്ഥിരീകരിച്ചത്. വാര്‍ത്ത അറിഞ്ഞത് മുതല്‍ നിരവധി ആരാധകരും സുഹൃത്തുക്കളും മനീഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയിലാണ്.

തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് കൊണ്ട് മനീഷ തന്നെ എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് മനീഷ തന്റെ  അസുഖത്തെക്കുറിച്ച് ആദ്യമായി പറഞ്ഞിരിക്കുന്നത്.[]

“പ്രിയ സുഹൃത്തുക്കളെ, എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദി. ഏറെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു ഇത്. എങ്കിലും നിങ്ങളുടെയെല്ലാവരുടേയും പ്രാര്‍ത്ഥനയില്‍ ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്.” മനീഷ പറയുന്നു.

ജീവിതം ആകസ്മികങ്ങള്‍ നിറഞ്ഞതാണെന്നും എന്തിനേയും നേരിടാന്‍ തയ്യാറാണെന്നും മനീഷ പറഞ്ഞു. എനിക്ക് മുന്നില്‍ മനോഹരമായ ജീവിതം ഇനിയും ബാക്കിയുണ്ട്. സംഭവിക്കാന്‍ പോകുന്നതല്ലാം നല്ലതിനാണ്. എല്ലാവര്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുമുള്ള നന്ദി അറിയിക്കുന്നു.

കുറച്ച് ദിവസങ്ങള്‍ക്കുമുമ്പാണ് മനീഷയ്ക്ക് അണ്ഡാശയ കാന്‍സറാണെന്ന് സ്ഥീരീകരിച്ചത്. ചികിത്സയ്ക്കായി മനീഷ ഇപ്പോള്‍ യു.എസ്സിലാണെന്നാണ് അറിയുന്നത്.

ഇത്തരം സംഭവങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും ദു:ഖിച്ചിരിക്കാതെ ജീവിതത്തെ ആഘോഷിക്കണമെന്നും മനീഷ തന്റെ ആരാധകരോടും സുഹൃത്തുക്കളോടും പറഞ്ഞു.

ബോളിവുഡിന് പുറമെ മലയാളത്തിലും തമിഴിലും മുഖം കാണിച്ച മനീഷ ഈയിടെ രാംഗോപാല്‍ വര്‍മയുടെ ഭൂതിലൂടെ ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയത്.

നവംബര്‍ ആദ്യം മുതല്‍ കാഠ്മണ്ഡുവില്‍  പുതുതായി പണിയുന്ന വീടിന്റെ തിരക്കുകളിലായിരുന്നു മനീഷ. ഇടയ്ക്ക് ഭക്ഷ്യവിഷബാധയേറ്റ വിവരം മനീഷ തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെ ലോകത്തെ അറിയിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more