ബി.എസ്.പിയുമായുള്ള സഖ്യത്തിലൂടെ മുഖ്യമന്ത്രിയാകണം, മായാവതിയെ പ്രധാനമന്ത്രിയാക്കും: അജിത് ജോഗി
national news
ബി.എസ്.പിയുമായുള്ള സഖ്യത്തിലൂടെ മുഖ്യമന്ത്രിയാകണം, മായാവതിയെ പ്രധാനമന്ത്രിയാക്കും: അജിത് ജോഗി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th November 2018, 9:06 am

റായ്പൂര്‍: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി അധ്യക്ഷ മായാവതിയെ അടുത്ത പ്രധാനമന്ത്രിയാക്കുകയാണ് ലക്ഷ്യമെന്ന് ഛത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി. ബി.എസ്.പിയുമായുള്ള സഖ്യത്തിലൂടെ സംസ്ഥാന ഭരണം പിടിച്ച് മുഖ്യമന്ത്രിയാകാനാണ് താല്‍പ്പര്യമെന്നും അജിത് ജോഗി വ്യക്തമാക്കി.

കോണ്‍ഗ്രസ്-ബി.ജെ.പി മുക്ത സര്‍ക്കാര്‍ സംസ്ഥാനത്തും രാജ്യത്തും യാഥാര്‍ഥ്യമാക്കുകയാണ് ഈ സഖ്യത്തിലൂടെ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. “ബി.ജെ.പിയും കോണ്‍ഗ്രസും ഇല്ലാത്ത ഒരു മുന്നണിക്ക് അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കും. ഇടതുപക്ഷമടക്കം അണിചേരുന്ന ഈ സഖ്യത്തിന്റെ പ്രധാനമന്ത്രി ആരെന്ന് പിന്നീട് തീരുമാനിക്കുമെങ്കിലും വ്യക്തിപരമായി മായാവതിയെ ആണ് ആ സ്ഥാനത്തേക്ക് ഞാന്‍ കാണുന്നതെന്നും” അജിത് ജോഗി പറഞ്ഞു.


ഏറ്റവും ഉയര്‍ന്ന പദവിയിലെത്തുന്ന ആദ്യ ദലിത് എന്നതും വനിതയെന്നതും നാലുതവണ മുഖ്യമന്ത്രി എന്നതും ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവ് എന്നതുമെല്ലാം മായാവതിയെ പ്രധാനമന്ത്രി പദത്തിന് അനുയോജ്യയാക്കുന്നുവെന്ന് അജിത് ജോഗി കൂട്ടിച്ചേര്‍ത്തു.

ഛത്തിസ്ഗഢില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുമായി നിര്‍ണായക സഖ്യമുണ്ടാക്കിയ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയാണ് അജിത് ജോഗി. സിവില്‍ സര്‍വിസില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ജോഗി കോണ്‍ഗ്രസില്‍ മൂന്നു പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച ശേഷം 2016ല്‍ പാര്‍ട്ടി വിടുകയായിരുന്നു. കോണ്‍ഗ്രസ് വിട്ടതിനു ശേഷം ജനത കോണ്‍ഗ്രസ് ഛത്തിസ്ഗഢ് എന്ന പാര്‍ട്ടിയുണ്ടാക്കുകയും ചെയ്തു.

അതേസമയം, ബി.ജെ.പിക്കെതിരായ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടി.ഡി.പി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കഴ്ച നടത്തുകയാണ്. ഇന്നലെ പിന്തുണ തേടി ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.


കൂടികാഴ്ച്ചക്ക് ശേഷം സ്റ്റാലിന്‍ മഹാസഖ്യത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദേശീയ വിരുദ്ധവും മതേതര വിരുദ്ധവുമായ ബി.ജെ.പി ഭരണത്തെ താഴെയിറക്കാന്‍ ചന്ദ്രബാബു നായിഡുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു. അതേസമയം, എച്ച്.ഡി ദേവഗദൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എന്നിവരടങ്ങുന്ന പ്രതിപക്ഷ സംഘവുമായി നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.

2019ലെ തെരഞ്ഞെടുപ്പ് 1996ന്റെ ആവര്‍ത്തനമായിരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞിരുന്നു. നായിഡുവും ദേവഗൗഡയും പഴയ സുഹൃത്തുക്കളാണ്. അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റില്ലെന്നും കുമാരസ്വാമി പറഞ്ഞു. 2019തില്‍ ഇന്ത്യ രാഷ്ട്രീയ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.