മെമ്പറായിരിക്കും വരെ അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കും, പക്ഷെ കണ്ണടച്ച് വിശ്വസിക്കില്ല:പാര്‍വതി
Women Collective in Cinema
മെമ്പറായിരിക്കും വരെ അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കും, പക്ഷെ കണ്ണടച്ച് വിശ്വസിക്കില്ല:പാര്‍വതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th October 2018, 5:53 pm

കൊച്ചി: അമ്മയുടെ യോഗങ്ങളില്‍ ഇനി പങ്കെടുക്കില്ലായെന്ന് ഞങ്ങള്‍ പറയില്ലെന്ന് നടി പാര്‍വതി. മെമ്പറായിരിക്കും വരെ  പങ്കെടുക്കുമെന്നും ഇങ്ങനെയൊക്കെ പറഞ്ഞെന്ന് കരുതി യോഗത്തില്‍ ഇനി പങ്കെടുക്കില്ല എന്ന് ആരും കരുതേണ്ടെന്നും ഡബ്ല്യ.സി.സി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നടി പാര്‍വതി പറഞ്ഞു

“”അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. അമ്മയുടെ നയങ്ങളോടും തീരുമാനങ്ങളോടും പ്രതികരിച്ചു എന്നതിനര്‍ഥം ഇനിയൊരിക്കലും യോഗങ്ങളില്‍ പങ്കെടുക്കില്ല എന്നല്ല. അവിടെ സംഭവിക്കുന്നത് എന്താണെന്ന് അറിയേണ്ടതുണ്ട് അതിനായി യോഗത്തില്‍ പങ്കെടുക്കും. പക്ഷെ ഇനി ഒന്നിനേയും കണ്ണടച്ച് വിശ്വസിക്കില്ല””.പാര്‍വതി വ്യക്തമാക്കി.

അമ്മയോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അവിടെ നടക്കുന്ന തീരുമാനങ്ങള്‍ നാടകം മാത്രമാണെന്നും ഡബ്ല്യ.സി.സി. അംഗങ്ങള്‍ പ്രതികരിച്ചു. ഇ.സി.അംഗങ്ങള്‍ മാത്രമാണ് തീരുമാനമെടുക്കുന്നത്. ചിലര്‍ ഞങ്ങളുടെ കൂടെയാണെന്ന വ്യാജേന ചതിക്കുകയായിരുന്നെന്നും നടിമാര്‍ പ്രതികരിച്ചു.

ALSO READ: ‘മാധ്യമങ്ങളോട് ഒന്നും പറയരുത് ‘ എന്ന് എ.എം.എം.എ ആവശ്യപ്പെട്ടു ; ഡ.ബ്ല്യൂ.സി.സി

അതേസമയം സ്ത്രീകള്‍ക്ക് പ്രശ്നമുണ്ടാകുമ്പോള്‍ അതിനെ അഡ്രസ് ചെയ്യാന്‍ വേദി വേണം. ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ ഒരു മൂവ്മെന്റ് നടക്കുകയാണ്. സ്ത്രീകള്‍ ശക്തമായ നിലപാട് എടുക്കുന്ന സമയമാണ്. സ്ത്രീകള്‍ പറയുന്നത് കേള്‍ക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്ന സമയമാണ്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും അങ്ങനെയെല്ല. ഞങ്ങളുടെ സിനിമാ സംഘടനയില്‍ നിന്നും വെറും വാക്കുകളല്ലാതെ വേറൊന്നും ഉണ്ടാകുന്നില്ല.

അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ വെറും നടിമാര്‍ എന്ന് അഭിസംബോധന ചെയ്തു. മൂന്ന് പേരുടെ പേരുകള്‍ അഭിസംബോധന ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഞങ്ങളെ വേദനിപ്പിക്കുന്നതായിരുന്നു. ഇതേ വിവേചനമാണ് മലയാള സിനിമയില്‍ നടക്കുന്നത്. -രേവതി പറഞ്ഞു.