തിരുവനന്തപുരം: തീപിടുത്തതിന് പിന്നാലെ സെക്രട്ടറിയേറ്റില്‍ അതിക്രമിച്ചു കയറിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
മാരക ആയുധങ്ങളുമായി ബി.ജെ.പി നേതാക്കള്‍ സെക്രട്ടറിയേറ്റില്‍ എത്തിയെന്നാണ് ഒരു മന്ത്രി പരസ്യമായി പറഞ്ഞതെന്നും മാരകായുധങ്ങളുമായി എത്തിയെങ്കില്‍ അപ്പോള്‍ തന്നെ പിടിക്കാമായിരുന്നില്ലേയെന്നുമായിരുന്നു സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചത്.
എന്ത് മാരകായുധങ്ങളാണ് തങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. രണ്ട് മാരാകായുധങ്ങളുമായാണ് താന്‍ സെക്രട്ടറിയേറ്റിലേക്ക് പോയതെന്ന് അത് തന്റെ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായിരുന്നെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘ഈ സംഭവം അറിഞ്ഞ് ഓടിയെത്തിയവരെയെല്ലാം കള്ളക്കേസില്‍ കുടുക്കുകയാണ്. നമ്മുടെ സംസ്ഥാനത്ത് ഇത്രയും ഗൗരവമേറിയ ഒരു വിഷയം ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും ജനങ്ങളും പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും വരില്ലേ. അവരാരും അങ്ങോട്ട് കടന്നുവരേണ്ടെന്നാണോ തീരുമാനം. അങ്ങനെ തീരുമാനിക്കാന്‍ എന്താണ് അവകാശം.
സെക്രട്ടറിയേറ്റ് എന്ന് പറയുന്നത് ഈ നാട്ടിലെ ജനങ്ങളുടെ സ്വത്തല്ലേ. അവിടെ ആളുകള്‍ക്ക് ഒരു സംഭവം ഉണ്ടാകുമ്പോള്‍ പൊലീസിനെ വെച്ച് ആളുകളെ തടയാം. പക്ഷേ പത്രപ്രവര്‍ത്തകരും ആളുകളും അവിടെ ചെന്നതാണ് ഇപ്പോള്‍ വലിയ കുഴപ്പമായി കാണിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് പ്രഖ്യാപിച്ചത്.
എന്താണ് അന്വേഷിക്കാനുള്ളത്. മാരക ആയുധങ്ങളുമായി ബി.ജെ.പി നേതാക്കള്‍ സെക്രട്ടറിയേറ്റില്‍ എത്തിയെന്നാണ് ഒരു മന്ത്രി പരസ്യമായി പറഞ്ഞത്. മാരകായുധങ്ങളുമായി എത്തിയെങ്കില്‍ അപ്പോള്‍ തന്നെ പിടിക്കാമായിരുന്നില്ലേ, പിടിച്ചുകൊണ്ടുപോയി മൂന്നര മണിക്കൂര്‍ ഞങ്ങളെ പൊലീസ് ക്യാമ്പില്‍ വെച്ചില്ലേ, എന്തിനാ വിട്ടയച്ചത്.
ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ കേസെടുക്കുന്നു. ഗൂഢാലോചന അന്വേഷിക്കുന്നു. സുരേന്ദ്രന്‍ എങ്ങനെ അവിടെ എത്തിയെന്നതിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നാണ് പറയുന്നത്. മാരകായുധങ്ങളുമായിട്ടാണ് എത്തിയതെങ്കില്‍ എന്തിനാണ് ഞങ്ങളെ വിട്ടയച്ചത്. പത്തിരുന്നൂറ് പൊലീസുകാര്‍ ഉണ്ടായിട്ടും എന്തേ അപ്പോള്‍ തടഞ്ഞില്ല,
എന്ത് മാരകായുധങ്ങളാണ് ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നത്. രണ്ട് മാരകായുധങ്ങള്‍ ഉണ്ടായിരുന്നു, എന്റെ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയും. ഈ രണ്ട് മാരകായുധങ്ങളുമായിട്ടാണ് ഞാന്‍ പോയത്. ഇത്രയും നാണം കെട്ട മന്ത്രിമാര്‍. പറയുന്ന വാചകങ്ങള്‍ക്ക് എന്തെങ്കിലുമൊരു കാര്യം വേണ്ടേ, ഇതാണോ അന്വേഷണത്തെ സംബന്ധിച്ച് പ്രധാന കാര്യം. സെക്രട്ടറിയേറ്റിലെ സുപ്രധാന ഫയലുകള്‍ തീകത്തിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലെ ഏറ്റവും സുപ്രാധാനമായ കാര്യം ഇതാണോ’, സുരേന്ദ്രന്‍ ചോദിച്ചു.
സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ ഉടന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നതില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. തീപിടിത്തത്തിന് പിന്നാലെ സുരേന്ദ്രന്‍ അകത്ത് കടന്നത് സുരക്ഷാ വീഴ്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സുരേന്ദ്രന്‍ താമസിക്കുന്നത് സെക്രട്ടറിയേറ്റില്‍ നിന്നും വളരെ ദൂരെയാണ്. അവിടെ നിന്നും ഇത്ര പെട്ടെന്ന് അദ്ദേഹം എങ്ങനെ എത്തിയെന്ന ചോദ്യമാണ് യോഗത്തില്‍ ഉയര്‍ന്നത്.
തീപിടിത്തമുണ്ടായതറിഞ്ഞ് സെക്രട്ടറിയേറ്റിന് തൊട്ടടുത്തായുള്ള ഓഫീസിലുള്ള ചീഫ് സെക്രട്ടറി അവിടേക്ക് എത്തുമ്പോള്‍ കാണുന്നത് സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതാണ്. ഇക്കാര്യം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുരേന്ദ്രനൊപ്പം ജില്ലാ പാര്‍ട്ടി ഭാരവാഹികളും ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
സന്ദര്‍ശനസമയം കഴിഞ്ഞ് ഗേറ്റ് അടച്ച സാഹചര്യമായിട്ട് കൂടി എങ്ങനെ സുരേന്ദ്രന്‍ അകത്തുകടന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് അന്വേഷണമുണ്ടാകുകയെന്നാണ് സൂചന.
തീപിടിത്തമുണ്ടായത് ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണെന്ന് അന്വേഷണ സംഘം പ്രാഥമികമായി വിലയിരുത്തിയിരുന്നു. എന്നാല്‍ ഒരു നിഗമനം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങളെ കണ്ട് സംസാരിച്ച സുരേന്ദ്രന്റെ നടപടിയും സംശയാസ്പദമാണെന്നാണ് യോഗം വിലയിരുത്തിയത്.
content highlight; ‘I went to the secretariat with district president and secretary ‘: K. Surendran
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ