അധികാരത്തിലിരിക്കുമ്പോള്‍ ഞാന്‍ അപകടകാരിയായിരുന്നില്ല, എന്നാല്‍ ഇനിമുതല്‍ അങ്ങനെയായിരിക്കില്ല: ഇമ്രാന്‍ ഖാന്‍
World News
അധികാരത്തിലിരിക്കുമ്പോള്‍ ഞാന്‍ അപകടകാരിയായിരുന്നില്ല, എന്നാല്‍ ഇനിമുതല്‍ അങ്ങനെയായിരിക്കില്ല: ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th April 2022, 11:47 am

ലാഹോര്‍: അവിശ്വാസപ്രമേയത്തിലൂടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായതിന് പിന്നാലെ ശക്തമായ പ്രസ്താവനയുമായി മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

അധികാരത്തിലിരിക്കുമ്പോള്‍ താന്‍ ഒട്ടും അപകടകാരിയല്ലായിരുന്നുവെന്നും എന്നാല്‍ ഇനി താന്‍ കൂടുതല്‍ അപകടകാരിയാകുമെന്നുമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

പെഷവാറില്‍ വെച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സര്‍ക്കാരിന്റെ ഭാഗമായിരിക്കെ ഞാന്‍ ഒട്ടും അപകടകാരിയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അധികാരത്തിലില്ല. ഇനിയങ്ങോട്ട് കൂടുതല്‍ അപകടകാരിയാവും,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

 

തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ പലരും ഒത്തുകളിച്ചുവെന്നും, അതല്ലെങ്കില്‍ പിന്നെ എന്തിനാണ് പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ അവിശ്വാസപ്രമേയം പാസാക്കുന്നതിന് മുമ്പ് പാതിരാത്രിയില്‍ കോടതി ചേര്‍ന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

ഏപ്രില്‍ 9ന്, ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിനുള്ള സമയപരിധി സംബന്ധിച്ച ഹര്‍ജി കേള്‍ക്കാന്‍ പാകിസ്ഥാന്‍ സുപ്രീം കോടതി രാത്രി വൈകിയും തയ്യാറായിരുന്നു. മറ്റൊരു ഹരജി കേള്‍ക്കാന്‍ ഇസ്‌ലാമാബാദ് ഹൈക്കോടതിയും അര്‍ധരാത്രിയോടെ തുറന്നിരുന്നു.

എന്നാല്‍, സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടും അര്‍ധരാത്രിയോടെ നിയമസഭാ സ്പീക്കറായിരുന്ന അസദ് ഖൈസര്‍ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാവാതിരിക്കുകയും രാജിവെക്കുകയുമായിരുന്നു.

നാഷണല്‍ അസംബ്ലി സ്പീക്കര്‍ ആസാദ് ഖൈസര്‍ രാജിവെച്ചത് കാരണം അയാസ് സാദിഖ് ആയിരുന്നു ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ് നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് നേതൃത്വം നല്‍കിയത്. വോട്ടിങ്ങ് തുടങ്ങി നിമിഷങ്ങള്‍ക്കകമായിരുന്നു ആസാദ് ഖൈസര്‍ രാജി പ്രഖ്യാപിച്ചത്.

നാഷണല്‍ അസംബ്ലിയില്‍ ഇമ്രാന്‍ ഖാനെതിരായി നടന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം വിജയിച്ചതോടെയാണ് പുതിയ പ്രധാനമന്തിയെ തെരഞ്ഞെടുക്കാനുള്ള നീക്കം നടക്കുന്നത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ ഇമ്രാന്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ പരാജയപ്പെടുകയായിരുന്നു.

ഇതോടെ പാകിസ്ഥാന്റെ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍.

ഇമ്രാന്‍ ഖാന് പകരം പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് (നവാസ്) നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷെരീഫാണ് പാകിസ്ഥാന്‍ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റത്.

പാകിസ്ഥാന്റെ 23ാമത് പ്രധാനമന്ത്രിയാണ് ഷെഹബാസ് ഷെരീഫ്. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.

Content highlight: I wasn’t dangerous when in power, will be dangerous now, says ex-Pakistan PM Imran Khan