ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പരസ്യമായി പ്രകീര്‍ത്തിച്ചതിന് പിന്നാലെ താന്‍ സച്ചിന്‍ പൈലറ്റിനൊപ്പം തന്നെയാണെന്ന് വ്യക്തമാക്കി എം.എല്‍.എ ഇന്ദ്രജ് ഗുര്‍ജര്‍. അന്നും ഇന്നും എന്നും സച്ചിനൊപ്പം തന്നെയാണെന്ന് ഇന്ദ്രജ് ട്വീറ്റ് ചെയ്തു.
‘എല്ലാം രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടിയല്ല. എന്റെ നേതാവ് എന്റെ അഭിമാനമാണ്. ഞാന്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. ഇനിയും അങ്ങനെയായിരിക്കും. സച്ചിന്‍ പൈലറ്റ് സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്,’ ഇന്ദ്രജ് ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരായ വിമത നീക്കങ്ങളെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റിന് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവും ഉപമുഖ്യമന്ത്രി പദവും നഷ്ടമായിരുന്നു. പിന്നീട് നേതൃത്വം സച്ചിനേയും സംഘത്തേയും അനുനയിപ്പിക്കുകയായിരുന്നു.
നേരത്തെ സ്വന്തം മണ്ഡലമായ വിരാട് നഗറില്‍ വലിയ വികസനപ്രവര്‍ത്തനമാണ് ഗെലോട്ട് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് ഇന്ദ്രജ് പറഞ്ഞിരുന്നു. അതിന് താന്‍ നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ സച്ചിന്‍ ക്യാംപിലെ എം.എല്‍.എ ഗെലോട്ടിനൊപ്പം ചേര്‍ന്നേക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി ഇന്ദ്രജ് രംഗത്തെത്തിയത്.
നേരത്തെ സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനായ മറ്റൊരു എം.എല്‍.എ ഹേമാറാം ചൗധരി രാജിവെച്ചിരുന്നു. ഗുണ്ടാമലാനി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ഹേമാറാം ചൗധരി.