മുംബൈ: അമേരിക്കയില്‍ ശിവസേനയ്ക്ക് ഫണ്ട് കിട്ടാന്‍ പരിപാടി സംഘടിപ്പിച്ചിരുന്നതായി ഭീകരന്‍ ഡേവിഡ്‌കോള്‍മാന്‍ ഹെഡ്‌ലി. ശിവസേന തലവന്‍ ബാല്‍താക്കറെയെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ ഉദ്ദേശിച്ചിരുന്നതായും ഹെഡ്‌ലി വെളിപ്പെടുത്തി. മുംബൈ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ക്രോസ് വിസ്താരം നടത്തുന്നതിനിടെയാണ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍.
അസുഖമായതിനാല്‍ ബാല്‍ താക്കറെയ്ക്ക് വരാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ സേനയിലെ മറ്റു നേതാക്കളെ കിട്ടാന്‍ ശ്രമിച്ചതായും ഹെഡ്‌ലി പറഞ്ഞു. രാജാറാം റെഗെ എന്ന ശിവസേന പ്രവര്‍ത്തകനുമായാണ് ഹെഡ്‌ലി ഇക്കാര്യങ്ങളില്‍ ആശയ വിനിമയം നടത്തുന്നത്. ശിവസേനയുടെ ധനസമാഹരണ പരിപാടി ലഷ്‌കറിന് അറിയാമായിരുന്നെന്നും ഹെഡ്‌ലി പറഞ്ഞു.
അതേ സമയം താക്കറെയെ കണ്ടിട്ടില്ലെന്നും അദ്ദേഹവുമായി സംസാരിച്ചില്ലെന്നും ഹെഡ്‌ലി പറഞ്ഞു.
ബാല്‍താക്കറെയെ കൊലപ്പെടുത്താന്‍ ലഷ്‌കര്‍ ശ്രമിച്ചിരുന്നതായി ഹെഡ്‌ലി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
മുംബൈ ഭീകരാക്രമണ കേസില്‍ അമേരിക്കയില്‍ ജയില്‍ സിക്ഷ അനുഭവിച്ച് വരുന്ന ഹെഡ്‌ലിയെ നാലുദിവസമാണ് എതിര്‍ വിസ്താരം ചെയ്യുന്നതിനായി അമേരിക്ക അനുവദിച്ചിരിക്കുന്നത്. നാളെയാണ് വിസ്താരം പൂര്‍ത്തിയാകുക. ഭീകരാക്രമണ കേസിലെ മറ്റൊരു പ്രതിയായ അബൂ ജിന്‍ഡാലിന്റെ അഭിഭാഷകന്‍ അബ്ദുല്‍ വഹാബ് ഖാനാണ് ഹെഡ്‌ലിയെ വിസ്തരിക്കുന്നത്.