| Wednesday, 12th April 2023, 10:48 pm

മണിരത്‌നം ചിത്രത്തില്‍ നായികയാവേണ്ടതായിരുന്നു: നയന്‍താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് നയന്‍താര. പല തവണ അവസരങ്ങള്‍ വന്നെങ്കിലും അതിന് സാധിച്ചില്ലെന്നും താരം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഗോള്‍ഡ് ഐക്കണ്‍സ് അവാര്‍ഡ്‌സില്‍ വെച്ചായിരുന്നു നയന്‍താരയുടെ പരാമര്‍ശങ്ങള്‍.

നെട്രികണ്‍, ഇമൈക്കനൊടികള്‍, കോലമാവ് കോകില, നാനും റൗഡി താന്‍, രാജാ റാണി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് തമിഴ് സിനിമയിലെ ദശാബ്ദത്തിലെ മികച്ച നടിക്കുള്ള അവാര്‍ഡ് നയന്‍താരക്ക് നല്‍കിയത് മണിരത്‌നമായിരുന്നു. അദ്ദേഹത്തില്‍ നിന്നും അവാര്‍ഡ് വാങ്ങിയതാണ് ഏറ്റവും വലിയ സന്തോഷമെന്നും നയന്‍താര പറഞ്ഞു.

‘ഈ അവാര്‍ഡ് എനിക്ക് വളരെയധികം സ്പെഷ്യലാണ്. കാരണം മണി സാറാണ് ഈ അവാര്‍ഡ് എനിക്ക് തന്നത്. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. ഇവിടെയുള്ള എല്ലാ സംവിധായകര്‍ക്കും അഭിനേതാകള്‍ക്കും ഒരേയൊരു സ്വപ്നമായിരിക്കും ഉണ്ടാവുക. ഒന്ന് മണി സാറിനെ പോലെ ഒരു സംവിധായകനാവണം. അല്ലെങ്കില്‍ മണി സാറിന്റെ സിനിമയില്‍ അഭിനയിക്കണം. ഇന്‍ഡസ്ട്രിയിലെ എല്ലാവരുടെയും ആഗ്രഹമാണ് ഇത്.

ഇതിന് മുമ്പ് ഒന്നുരണ്ട് തവണ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അതിന് പറ്റിയില്ല. പക്ഷേ എങ്ങനെയെങ്കിലും സാര്‍ ചെയ്യുന്ന സിനിമയില്‍ അഭിനയിച്ച് അവാര്‍ഡ് വാങ്ങുകയാണെങ്കില്‍ വളരെ വളരെ സന്തോഷമാവും. ഈ അവാര്‍ഡ് മണി സാറിന്റെ കയ്യില്‍ നിന്നും വാങ്ങിയതില്‍ വളരെയധികം സന്തോഷമുണ്ട്,’ നയന്‍താര പറഞ്ഞു.

വിവാഹത്തിന് ശേഷവും പ്രൊഫഷണല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന അവതാരകയുടെ ചോദ്യത്തിനും നയന്‍താര മറുപടി പറഞ്ഞിരുന്നു.

‘ജീവിതം മുഴുവന്‍ ഒരു ബാലന്‍സിലാണ്. ഒരുപാട് വീട്ടമ്മമാരുണ്ട്. അവര്‍ വേറെ ജോലിക്ക് പോകുന്നില്ലായിരിക്കാം. എന്നാല്‍ അവര്‍ ചെയ്യുന്ന പണികള്‍, കുട്ടികളെ വളര്‍ത്തുന്നത്, വീട് നോക്കുന്നത് എല്ലാം വളരെ പരിശ്രമം വേണ്ട വിഷയമാണ്. ജോലി ചെയ്യുന്ന സ്ത്രീകളാവുമ്പോള്‍ കുറച്ച് കൂടി എഫേര്‍ട്ട് എടുക്കേണ്ടി വരും. അല്‍പം മുമ്പ് പറഞ്ഞതുപോലെ ബാലന്‍സ് വേണമല്ലോ. അത് വളരെ മനോഹരമാണ്. പ്രൊഫഷണലായും എല്ലാം നേടണം, പേഴ്‌സണല്‍ ലൈഫിലെ കാര്യങ്ങളും ചെയ്യാനാവണം. അതിന് കുറച്ച് എക്‌സ്ട്രാ എഫേര്‍ട്ട് ഇടേണ്ടി വരും. അങ്ങനെ വന്നാല്‍ ജീവിതം വളരെ മനോഹരമാണ്,’ നയന്‍താര പറഞ്ഞു.

Content Highlight: i was supposed to be the female lead in the manirathnam film, says Nayantara

We use cookies to give you the best possible experience. Learn more