|

തുടക്കം മുതലേ എമ്പുരാന്റെ ഭാഗമാകേണ്ടിയിരുന്ന ഞാന്‍ അതില്‍ നിന്ന് പിന്മാറിയത് ആ ഒരൊറ്റ കാരണം കൊണ്ട്: ഗോകുലം ഗോപാലന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്റെ നിര്‍മാണ പങ്കാളിത്തം ഏറ്റെടുത്തതിനെ കുറച്ചും തുടക്കം മുതലേ എമ്പുരാന്റെ നിര്‍മാണത്തിന്റെ ഭാഗമാകേണ്ടിയിരുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വ്യവസായിയും നിര്‍മാതാവുമായ ഗോകുലം ഗോപാലന്‍.

എമ്പുരാന്റെ നിര്‍മാണത്തില്‍ പങ്കാളിയാകാനുള്ള ക്ഷണം ആദ്യം തന്നെ ഉണ്ടായിരുന്നെന്നും എന്നാല്‍ അത് വേണ്ടെന്ന് വെച്ചതിന് ചില കാരണങ്ങള്‍ ഉണ്ടായിരുന്നെന്നും ഗോകുലം ഗോപാലന്‍ 24 ന്യൂസിനോട് പറഞ്ഞു.

‘ നിര്‍മാണ പങ്കാളിത്തം തുടക്കം മുതല്‍ തന്നെ അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും പണം ആകും എന്ന് തോന്നിയതിന്റെ പേരില്‍ ഞാന്‍ മാറി നിന്നതായിരുന്നു.

ഫിനാന്‍സ് കമ്പനിയില്‍ നിന്ന് ഇത്രയും തുക മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അന്നത്തെ ആ ചിന്താഗതി കാരണമാണ് അത് വേണ്ട എന്ന് പറഞ്ഞത്.

അതിന് ശേഷമാണ് അവര്‍ ലൈക്കയിലേക്ക് പോയത്. ഇതൊക്കെ ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. നല്ല രീതിയിലാണ് അവര്‍ പടം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് മനസിലായിരുന്നു.

ആ പടത്തിനെ വേറൊന്നും ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകണമെന്ന് തോന്നി. ലൈക്കയുമായി ഇന്നും എനിക്ക് ബന്ധമുണ്ട്. അവര്‍ വേറെ ആര്‍ക്കും തരില്ല, ഗോപാലന് ഏറ്റെടുക്കുകയാണെങ്കില്‍ തരാം എന്ന് പറഞ്ഞു.

എന്നോട് സ്‌നേഹം കാണിക്കുന്ന ഒരു കമ്പനി അങ്ങനെ ഒരു നിലപാടെടുക്കുമ്പോള്‍ ആ സിനിമ ഞാന്‍ ഏറ്റെടുക്കേണ്ടത് ധാര്‍മികമായ ഉത്തരവാദിത്തമാണെന്ന് തോന്നി. അങ്ങനെയാണ് ഞാന്‍ ഏറ്റെടുക്കുന്നത്.

ലൈക്ക വലിയൊരു കമ്പനിയാണ്. മദ്രാസില്‍ അവര്‍ക്കുണ്ടായ എന്തോ ഒരു പ്രശ്‌നം കൊണ്ടും എന്തോ ചില അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ടും അവര്‍ പിന്മാറി എന്നേയുള്ളൂ. ഗോകുലം മൂവീസ് എടുക്കുകയാണെങ്കില്‍ ഞങ്ങള്‍ തയ്യാര്‍ എന്ന് അവര്‍ അപ്പോള്‍ തന്നെ പറഞ്ഞിരുന്നു.

നിര്‍മാണ പങ്കാളിയായി ഗോകുലം വരണമെന്ന് ആദ്യം ആഗ്രഹിച്ചത് മോഹന്‍ലാലാണ്. വേറെ ആരുടെ അടുത്തും പോകരുത്, ഗോകുലം ആണെങ്കില്‍ കുഴപ്പമുണ്ടാകില്ലെന്ന് പറഞ്ഞു.

കമ്പനിയുടെ ഇടപാടുകളില്‍ കൃത്യനിഷ്ഠ ഉണ്ടാകണമെന്ന് മോഹന്‍ലാലിന് നിര്‍ബന്ധമാണ്. അഭിനയിക്കാന്‍ വന്നാല്‍ പോലും ആ കൃത്യനിഷ്ഠ പാലിക്കുന്ന ആളാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ ജീവിതത്തില്‍ അത്രയും കഷ്ടപ്പെട്ട, ഒരു പടം റിലീസ് ചെയ്യാന്‍ ഡേറ്റ് ആയ സമയത്ത് ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ ഞാന്‍ അത് മനസിലാക്കി എന്ന് മാത്രമേയുള്ളൂ.

മോഹന്‍ലാലും ആന്റണിയും വിളിച്ചിരുന്നു. സത്യത്തില്‍ ആദ്യം എനിക്ക് ധൈര്യം ഇല്ലായിരുന്നു. പിന്നെ ബാങ്കില്‍ നിന്നൊക്കെ ഏര്‍പ്പാട് ചെയ്ത് ചെയ്തുകൊടുത്തതാണ്.

അദ്ദേഹത്തെപ്പോലെ ഒരാള്‍ക്ക് ഒരു വിഷമം ഉണ്ടാകുമ്പോള്‍ നമ്മള്‍ മനസില്‍ഭയം വെച്ച് ഇരിക്കക്കേണ്ട കാര്യമില്ല. വേറെ ആരോടും ചോദിക്കാതെ ഞാന്‍ തന്നെ മുന്നോട്ട് വന്ന് കാര്യങ്ങള്‍ ചെയ്യുകയായിരുന്നു,’ ഗോകുലം ഗോപാലന്‍ പറഞ്ഞു.

Content Highlight: I was supposed to be a part of Empuraan from the beginning, says Gokulam Gopalan