Advertisement
Entertainment
കിസ്മത്തിലെ എന്റെ കഥാപാത്രത്തില്‍ ഞാന്‍ ഏറെക്കാലം സ്റ്റക്ക് ആയി പോയിരുന്നു: ശ്രുതി മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 02, 11:34 am
Sunday, 2nd March 2025, 5:04 pm

2016ല്‍ ഷാനവാസ് കെ. ബാവക്കുട്ടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് കിസ്മത്ത്. പ്രമേയംകൊണ്ടും അവതരണ മികവ് കൊണ്ടും ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷെയ്ന്‍ നിഗമും ശ്രുതി മേനോനുമായിരുന്നു. വിവിധ മതപശ്ചാത്തലത്തിലുള്ള നായകനും നായികയും തമ്മിലുള്ള പ്രേമവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

ഇപ്പോഴിതാ കിസ്മത്തിലെ തന്റെ കഥാപാത്രമായ അനിതയെക്കുറിച്ച് സംസാരിക്കുകയാണ് നടി ശ്രുതി മേനോന്‍. അനിത എന്ന കഥാപാത്രം ഏറെക്കാലം തന്നോടൊപ്പം സ്റ്റക്ക് ആയി നിന്നിരുന്നെന്നും അതിന്റെ പ്രധാന കാരണം അതൊരു യഥാര്‍ത്ഥ കഥ ആയതിനാലാണെന്നും ശ്രുതി പറയുന്നു.

അതിനാല്‍ തന്നെ ആ കഥാപാത്രവും സിനിമയും ഇപ്പോഴും തന്നെ വിട്ട് പോയിട്ടില്ലെന്നും പല പ്രേക്ഷകരും ആ സിനിമയുടെ പേര് പറഞ്ഞ് തനിക്ക് നിരന്തരം മെസേജ് അയക്കാറുണ്ടെന്നും അത് തരുന്ന സന്തോഷം വലുതാണെന്നും നടി പറയുകയുണ്ടായി.

‘ എന്റെ പുതിയ ചിത്രമായ വടക്കനിലെ കഥാപാത്രത്തില്‍ എത്ര പേര്‍ സ്റ്റക്ക് ആവുമെന്ന് എനിക്ക് അറിയില്ല. എന്നാല്‍ കിസ്മത്തില്‍ ഞാന്‍ കുറച്ചധികം നാള്‍ സ്റ്റക്ക് ആയി പോയിട്ടുണ്ടായിരുന്നു. അതൊരു യഥാര്‍ത്ഥ കഥയാണ്. ആ ചിത്രത്തിലെ പെണ്‍കുട്ടി എത്രത്തോളം വേദനയാണ് സഹിച്ചിരിക്കുന്നത്, അവര്‍ രണ്ടുപേരും അതെ.

എനിക്ക് ഇന്നലെപ്പോലും ആളുകള്‍ അനിതയെക്കുറിച്ച് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചിരുന്നു. എപ്പോഴും ഇത്തരത്തിലുള്ള മെസേജുകള്‍ അനിതയെക്കുറിച്ച് ലഭിക്കാറുണ്ട്. മറ്റൊരു കാര്യമുള്ളത് ഈ സിനിമയിലെ പാട്ടുകളാണ്. പലപ്പോഴും പാടി തുടങ്ങുന്ന അമേച്വര്‍ ആയിട്ടുള്ള സിങേഴ്‌സ് ഈ പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ എന്നെ ടാഗ് ചെയ്യാറുണ്ട്.

ഞാന്‍ എന്നിട്ട് അവയെല്ലാം റീ പോസ്റ്റ് ചെയ്യും. അതൊക്കെ ഒരു ഭാഗ്യമല്ലേ.. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ആ സ്‌നേഹം കിട്ടുന്നത്. ഞാന്‍ തന്നെ ആഴ്ച്ചയില്‍ എത്രയോ തവണ കിസ്മത്തിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടാറുണ്ട്,’ ശ്രുതി പറയുന്നു.

Content Highlight: I was stuck on my character in Kismat for a long time says Shruti Menon