| Friday, 3rd February 2023, 6:34 pm

സൗദിയോട് തോറ്റപ്പോൾ ഞാൻ പേടിച്ചു പോയി; ഒടുവിൽ തുറന്ന് സമ്മതിച്ച് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട അട്ടിമറികളിലൊന്നായിരുന്നു ലോക ഫുട്ബോളിലെ മുടിചൂടാ മന്നൻമാരായ അർജന്റീനയെ സൗദി അട്ടിമറിച്ചത്.

ലോകകപ്പിലെ മെസിപ്പടയുടെ ഉദ്ഘാടന മത്സരത്തിലായിരുന്നു സൗദിക്കെതിരെ അർജന്റീന പരാജയം രുചിച്ചത്.

ഇതോടെ ലോക ഫുട്ബോളിന്റെ പല കോണുകളിൽ നിന്നും ടീമിന് മേൽ വിമർശനങ്ങൾ ഉയർന്ന് വരികയും നിരവധി പരിഹാസങ്ങൾ അർജന്റൈൻ ടീമിന് നേരെ ഉയർന്ന് വരികയും ഒടുവിൽ ഇതിനെയെല്ലാം മറികടന്ന് മെസിയും സംഘവും ലോകകപ്പ് കിരീടത്തിൽ
മുത്തമിടുകയുമായിരുന്നു.

എന്നാലിപ്പോൾ ലോകകപ്പിൽ അറേബ്യൻ ടീമിനെതിരെ 2-1ന് പരാജയപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങൾ വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അർജന്റൈൻ ടീമിന്റെ നായകൻ കൂടിയായ മെസി.

ആൽബിസെലസ്റ്റെ ടാൽക്കിന് നൽകിയ അഭിമുഖത്തിലാണ് താരം സൗദിയോടുള്ള മത്സരത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.


“തീർച്ചയായും സൗദിക്കെതിരായ മത്സരത്തിലെ പരാജയത്തോടെ ഞാൻ വളരെയധികം പേടിച്ചുപോയിരുന്നു. കാരണം ആ മത്സരം ഞങ്ങൾ വിചാരിച്ച രീതിയിലല്ല മുന്നോട്ട് പോയത്,’ മെസി പറഞ്ഞു.

“പക്ഷെ ഞങ്ങൾക്ക് നഷ്‍ടപ്പെട്ട ഊർജമെല്ലാം മെക്സിക്കോക്ക് എതിരെയുള്ള മത്സരം വിജയിച്ചതോടെ തിരികെ കിട്ടി. അതോടെ കാര്യങ്ങളെല്ലാം പഴയ നിലയിലായി. പക്ഷെ സൗദിക്ക് എതിരെ നടന്ന മത്സരം ഞങ്ങളുടെ ഏറ്റവും മോശപ്പെട്ട മത്സരങ്ങളിൽ ഒന്നായിരുന്നു,’ മെസി കൂട്ടിച്ചേർത്തു.


ഖത്തർ ലോകകപ്പിലാകമാനം ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയത്. ഇതോടെ 2014 ലോകകപ്പിന് ശേഷം വീണ്ടും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിന് സാക്ഷാൽ മെസി അർഹനായി.

അതേസമയം ഈ സീസണോടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി മാറുകയാണ് മെസി. അതിനാൽ തന്നെ കരാർ അവസാനിക്കുന്ന താരത്തെ സ്വന്തമാക്കാൻ ഇന്റർ മിയാമി, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി മുതലായ ക്ലബ്ബുകൾ ശ്രമിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Content Highlights:I was scared when we lost to Saudi;said messi

We use cookies to give you the best possible experience. Learn more