'എന്നെ പുറത്താക്കിയത് കോഹ്‌ലിയെ ടീമിലെടുത്തതിന്'; വെളിപ്പെടുത്തലുമായി മുന്‍ സെലക്ടര്‍ ദിലീപ് വെങ്‌സര്‍ക്കാര്‍
Daily News
'എന്നെ പുറത്താക്കിയത് കോഹ്‌ലിയെ ടീമിലെടുത്തതിന്'; വെളിപ്പെടുത്തലുമായി മുന്‍ സെലക്ടര്‍ ദിലീപ് വെങ്‌സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th October 2017, 3:01 pm

മുംബൈ: ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും തന്നെ പുറത്താക്കിയത് വിരാട് കോഹ് ലിയെ ടീമിലെടുത്തതിനെന്ന വെളിപ്പെടുത്തലുമായി ദിലീപ് വെങ്‌സര്‍ക്കാര്‍. മുന്‍ ഇന്ത്യന്‍ താരം കൂടിയായ വെങ്‌സര്‍ക്കാരായിരുന്നു 2008 ല്‍ ഇന്ത്യയുടെ മുഖ്യ സെലക്ടര്‍. അന്ന് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ നായകനായിരുന്ന വിരാടിനെ സീനിയര്‍ ടീമിലേക്ക് സെലക്ട് ചെയ്യുന്നത് വെങ്‌സര്‍ക്കാറായിരുന്നു.

എന്നാല്‍ വിരാടിനെ ടീമിലെടുക്കുന്നതിനെ ബോര്‍ഡിലെ ഭൂരിപക്ഷം പേരും എതിര്‍ത്തിരുന്നതായും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് തന്റെ പുറത്താക്കലിലെത്തിയതെന്നാണ് അദ്ദേഹം പറയുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ രജ്ദീപ് സര്‍ദ്ദേശായിയുടെ പുതിയ പുസ്തകമായ ഡെമോക്രസി ഇലവനിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.


Also Read: അലമ്പ് കളിച്ചു നടന്ന വിരാടിന്റെ കരിയര്‍ മാറ്റി മറിച്ചത് യുവിയുടെ ആ വാക്കുകള്‍; തുറന്ന് പറഞ്ഞ് യുവരാജ് സിംഗ്


അന്ന് ബോര്‍ഡ് ട്രഷററായിരുന്ന എന്‍.ശ്രീനിവാസനടക്കം ഇതിനെ എതിര്‍ത്തിരുന്നു. പകരം തമിഴ് നാട് താരം എസ്.ബദ്രിനാഥിനെ ടീമിലെടുക്കാനായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. “ബദ്രിനാഥിനെ തെരഞ്ഞെടുത്തില്ലെന്ന് അറിഞ്ഞപ്പോള്‍ തമിഴ്‌നാട് ക്രിക്കറ്റ് ബോര്‍ഡിന്റെ തലവന്‍ കൂടിയായിരുന്ന ശ്രീനിവാസന്‍ കുപിതനാവുകയും ശരദ് പവാറിനെ കാണുകയുമായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ എന്നെ പുറത്താക്കി. പക്ഷെ വിരാടിനെ സംബന്ധിച്ചുള്ള എന്റെ തീരുമാനത്തെ മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ല.” പുസ്തകത്തില്‍ വെങ്‌സര്‍ക്കാര്‍ പറയുന്നതായി സര്‍ദേശായി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ വിജയികളാക്കിയിട്ടും വിരാടിന്റെ സീനിയര്‍ ടീമിലേക്കുള്ള പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. ആദ്യ പത്ത് മത്സരത്തിനിടെ രണ്ട് ഫിഫ്റ്റികള്‍ നേടിയിട്ടും വലിയ ഗുണമുണ്ടായില്ല. പിന്നെ സ്വഭാവവും പ്രതികൂലമായി ബാധിച്ചെന്നും പുസ്തകത്തില്‍ പറയുന്നു.

“അവന് ഹെയര്‍ സ്റ്റൈലിലും ടാറ്റുവിലുമായിരുന്നു കൂടുതല്‍ ശ്രദ്ധ.” ഒരു സെലക്ടര്‍ പറയുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളയുകയായിരുന്നു വിരാടെന്നും യുവരാജ് സിംഗടക്കമുള്ള താരങ്ങളുടെ പിന്തുണ മൂലം വിരാട് ടീമില്‍ തിരികെ എത്തുകയായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.