ലക്‌നൗ: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയെത്തുടര്‍ന്ന് യു.പിയില്‍ അറസ്റ്റിലായ ആള്‍ദൈവം ബാബ സിയ രാം ദാസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി.
എട്ടുമാസത്തിലേറെയായി എല്ലാ രാത്രികളിലും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ബാബയ്ക്കു പുറമേ അദ്ദേഹത്തിന്റെ ശിഷ്യരും ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.
ബാബയ്ക്ക് രാഷ്ട്രീയക്കാരുമായി നല്ല ബന്ധമുണ്ടായിരുന്നു എന്നാരോപിച്ച പെണ്‍കുട്ടി രാഷ്ട്രീയക്കാര്‍ക്കുവേണ്ടി ബാബ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ വിതരണം ചെയ്തിരുന്നെന്നും വെളിപ്പെടുത്തി.
പെണ്‍കുട്ടിയെ ബന്ധുക്കള്‍ ബാബയുടെ വനിതാ ശിഷ്യയ്ക്ക് 50,000 രൂപയ്ക്കു വിറ്റതാണെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ആദ്യം ലക്‌നൗവിലേക്കും പിന്നീട് മിഷ്‌രിക്കിലെ ആശ്രമത്തിലേക്കും കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ഇയാള്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇതിനെക്കുറിച്ചെല്ലാം ആരോടെങ്കിലും പറഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പെണ്‍കുട്ടി പറയുന്നു.
മിഷ്‌രിക്കില്‍ നിന്നും പെണ്‍കുട്ടിയെ ആഗ്രയിലേക്കു കൊണ്ടുപോയി. അവിടെവെച്ച് മറ്റുചിലര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും പെണ്‍കുട്ടി പറയുന്നു.
പിന്നീട് മിഷ്‌രിക്കിലേക്ക് തിരിച്ചുകൊണ്ടുവന്നപ്പോള്‍ ബാബ വീണ്ടും പീഡിപ്പിച്ചു. ഇതിനിടെ ബാബയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ പെണ്‍കുട്ടി പൊലീസിനെ വിളിക്കുകയായിരുന്നു.
തന്റെ ഉടമസ്ഥതയിലുളള ഗേള്‍സ് സ്‌കൂളുകള്‍ വഴി ബാബ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. ഈ സ്‌കൂളിലെ വിദ്യാര്‍ഥികളെ ബാബ ലൈംഗികമായി പീഡിപ്പിക്കുന്നതിനു പുറമേ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഇവരെ വിതരണം ചെയ്തിരുന്നെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സിതാപൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.