ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും നടക്കുന്ന പ്രചരണങ്ങള്‍ തന്റെ മതം നോക്കിയുള്ളതാണ് ; ജീവന് വേണ്ടി പിടയുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മാത്രമാണ് ശ്രമിച്ചത്: ഡോ. കഫീല്‍ ഖാന്‍
India
ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും നടക്കുന്ന പ്രചരണങ്ങള്‍ തന്റെ മതം നോക്കിയുള്ളതാണ് ; ജീവന് വേണ്ടി പിടയുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മാത്രമാണ് ശ്രമിച്ചത്: ഡോ. കഫീല്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th August 2017, 9:51 am

ഗോരഖ്പൂര്‍: യു.പിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരണപ്പെട്ട സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടര്‍ കഫീല്‍ഖാനെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തിരുന്നു.

സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനായി കഫീല്‍ഖാനെ ആശുപത്രിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ഗുരുതരമായ പല ആരോപണങ്ങളും ഇദ്ദേഹത്തിന് നേരെ ഉയര്‍ത്തുകയുമായിരുന്നു.


Dont Miss ഒടുക്കം മോദി മിണ്ടി: ചെങ്കോട്ടയിലെ പ്രസംഗത്തില്‍ ഗോരഖ്പൂരിനായി ഒരുവാചകം മാറ്റിവെച്ച് പ്രധാനമന്ത്രി


എന്നാല്‍ ഇപ്പോള്‍ നടക്കുന്നതെല്ലാം തനിക്കെതിരായ ഗൂഢാലോചന മാത്രമാണെന്നും തന്നെ ചിലര്‍ ചേര്‍ന്ന് വേട്ടയാടുകയാണെന്നും ഡോ. കഫീല്‍ ഖാന്‍ പറയുന്നു.

ആശുപത്രിയില്‍ ജീവനായി പിടഞ്ഞ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ തനിക്കെതിരെ വലിയ കാമ്പയിന്‍ നടക്കുന്നതായും കഫീല്‍ ഖാന്‍ പറയുന്നു.

” കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്തു. പെട്ടെന്നുള്ള സഹായം എന്ന നിലയ്ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിക്കുന്നതുള്‍പ്പെടെ ചെയ്തിരുന്നു. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും നടക്കുന്ന പ്രചരണങ്ങള്‍ തന്റെ മതം നോക്കിയുള്ളതാണ്. താന്‍ ആദ്യമായി ഒരു ഇന്ത്യക്കാരനാണ്. താന്‍ ചെയ്തതത്രയും ഒരു ഡോക്ടര്‍ എന്ന നിലയ്ക്ക് ചെയ്തതുമാണ്.”- കഫീല്‍ ഖാന്‍ പറയുന്നു.


Dont Miss കോഴിക്കോട് മുക്കത്ത വീണ്ടും സദാചാരഗുണ്ടായിസം; ബന്ധുവായ യുവതിയോട് സംസാരിച്ചുനിന്ന യുവാവിന് ക്രൂര മര്‍ദ്ദനം


മെഡിക്കല്‍ പരീക്ഷയുടെ സമയത്ത് തിരിമറി നടത്തിയെന്നും സ്വന്തം ക്ലിനിക്കില്‍ ജോലി തേടി വന്ന യുവതിയെ പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ താങ്കള്‍ക്കെതിരെ ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഇതെല്ലാം മുന്‍പും തനിക്കെതിരെ ചിലര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മാത്രമാണെന്നും ഇതെല്ലാം ഈ അവസരത്തിലും ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്തിനാണെന്ന് അറിയില്ലെന്നുമായിരുന്നു കഫീല്‍ ഖാന്റെ മറുപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സോഷ്യല്‍ മീഡിയ വഴി കഫീല്‍ഖാനെതിരെ ഗുരുതര ആരോപണവുമായിരുന്നു സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ത്തിയത്. രാത്രി ഏറെ വൈകിയും ഓക്‌സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കാന്‍ ഓടിനടക്കുകയും സ്വന്തം കൈയില്‍ നിന്നും പണം ചിലവാക്കി കിട്ടാവുന്നത്ര ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുകയും ചെയ്തതിന് പിന്നാലെ ഒരു ഹീറോ പരിവേഷം ഇദ്ദേഹത്തിന് ലഭിക്കുകയും ചെയ്തതോടെയായിരുന്നു ചിലര്‍ ഡോക്ടര്‍ക്കെതിരെ തിരിഞ്ഞത്.

ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമമുള്ളത് നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ അറിയിച്ചില്ലെന്നും സ്വന്തമായി നടത്തിയ ക്ലിനിക്കിലേക്ക് ആശുപത്രിയിലെ സിലിണ്ടര്‍ കടത്തുകയായിരുന്നുവെന്നും ഉള്‍പ്പെടെ ഗുരുതരമായ ആരോപണമായിരുന്നു ഇദ്ദേഹത്തിന് നേരെ സംഘ് അനുകൂല മാധ്യമങ്ങള്‍ ഉയര്‍ത്തിയത്.