| Friday, 23rd August 2013, 10:41 am

റെസ്‌ലിങ് ഫൈനലില്‍ തോറ്റ് കൊടുക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്ന് സുശീല്‍ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഒത്തുകളിയും വാതുവെപ്പും നടക്കുന്നത് ക്രിക്കറ്റില്‍ മാത്രമാണെന്ന് ധരിച്ചെങ്കില്‍ തെറ്റി. ഒളിമ്പിക്‌സ് മത്സരത്തില്‍ വരെ ഒത്തുകളി നടക്കുന്നുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം പറഞ്ഞത് മറ്റാരുമല്ല, 2010 ല്‍  മോസ്‌ക്കോയില്‍ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റെസ്‌ലിങ് മത്സരത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണമെഡല്‍ സമ്മാനിച്ച സുശീല്‍ കുമാര്‍ തന്നെയാണ്. []

2010 ല്‍ മോസ്‌ക്കോയില്‍ നടന്ന റെസ്‌ലിങ് മത്സരത്തിന്റെ ഫൈനല്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പ് ചില റഷ്യന്‍ സ്റ്റാഫുകള്‍ മത്സരത്തില്‍ തോറ്റുകൊടുക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചിരുന്നെന്ന് സുശീല്‍ കുമാര്‍ വെളിപ്പെടുത്തുന്നു.

ഫൈനലില്‍ റഷ്യയുടെ അലന്‍ ഗോഗേവുമായിട്ടായിരുന്നു ഞാന്‍ ഏറ്റുമുട്ടേണ്ടത്. മത്സരത്തില്‍ തോറ്റുകൊടുത്താല്‍ വലിയൊരു തുകയായിരുന്നു അവര്‍ ഓഫര്‍ ചെയ്തത്.

കോടിക്കണക്കിന് രൂപയാണ് അവര്‍ എനിക്ക് തരാമെന്ന് പറഞ്ഞത്, ഒരു റെസ്‌ലര്‍ എന്ന നിലയ്ക്ക് നോക്കിയാല്‍ അത് വലിയൊരു തുക തന്നെയാണ്. ഞങ്ങളുടെ ഫോറിന്‍ കോച്ചിനെയും അവര്‍ ഇക്കാര്യം പറഞ്ഞ് സമീപിച്ചിരുന്നു.

റഷ്യയ്ക്കായി മത്സരം വിട്ടുകൊടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇത് ഞങ്ങളുടെ രാജ്യമാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ താരങ്ങള്‍ ഇവിടെ വിജയിച്ചേ തീരൂ.

ഞങ്ങളുടെ രാജ്യത്തിന് തന്നെ ഈ മെഡല്‍ കിട്ടണമെന്നും അതിന് വേണ്ടി താങ്കള്‍ പിന്‍മാറിത്തരണമെന്നുമായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ഇത് വളരെ അപരിചിതമായിട്ടാണ് എനിക്ക് തോന്നുന്നതെന്ന് ഞാന്‍ പ്രതികരിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഒരു മെഡല്‍ നേടുകയെന്നതാണ് തങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമെന്ന് ഞാന്‍ അവരോട് പറഞ്ഞു, ഫൈനലില്‍ എത്താന്‍ സാധിച്ചതില്‍ തന്നെ താന്‍ ഏറെ ആഹ്ലാദിക്കുകയാണെന്നും അവരോട് പറഞ്ഞു.

ഈ ഒരു സമ്മര്‍ദ്ദത്തിനിടയിലും ഞാന്‍ ഫൈനലിന് വേണ്ടി പ്രയത്‌നിച്ചു. മത്സരത്തില്‍ അവരുടെ അലന്‍ ഗൊഗോയെ 3-1 ന് തോല്‍പ്പിക്കുകയും ചെയ്ത് ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണമെഡല്‍ റെസ് ലിങ് മത്സരത്തില്‍ സമ്മാനിക്കാന്‍ എനിക്കായി.

അവര്‍ വാഗ്ദാനം ചെയ്ത കോടികളേക്കാള്‍ ഞാന്‍ വിലമതിച്ചത് ആ ഒരു സ്വര്‍ണമെഡലിന് തന്നെയായിരുന്നു- സുശീല്‍ പറയുന്നു.

We use cookies to give you the best possible experience. Learn more