| Wednesday, 14th June 2017, 8:40 pm

'ഇന്നും ജീവനോടെയിരിക്കുന്നു എന്നത് വലിയ ഭാഗ്യം'; ക്യാന്‍സറിനെ വെല്ലുവിളിച്ച് മുന്നേറിയ ജീവിതത്തേയും കരിയറിലെ മറക്കാനാകാത്ത അനുഭവങ്ങളേയും കുറിച്ച് യുവരാജ് മനസു തുറക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ യുവരാജ് സിംഗിന്റെ കരിയറില്‍ അതൊരു നിര്‍ണ്ണായക നിമിഷമാകും. തന്റെ കരിയറിലെ മുന്നൂറാമത്തെ മത്സരമായിരിക്കും യുവിയ്ക്ക് അത്.

മുന്നൂറാം മത്സരത്തിന് ഇറങ്ങുമ്പോള്‍ യുവിയ്ക്ക് പറയാന്‍ ഒരുപാടുണ്ട്. അഭിമാനനിമിഷം എന്നാണ് യുവി അതിനെ കുറിച്ച് പറയുന്നത്. 300 മത്സരങ്ങള്‍ പിന്നിട്ടു എന്നത് വലിയ നേട്ടമാണ്. ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഒരു മത്സരത്തില്‍ കൂടുതലൊന്നും ആഗ്രഹിച്ചിരുന്നില്ല. എന്നാലിന്ന് ഇവിടം വരെ എത്തിയിരിക്കുന്നു. ഒരുഘട്ടത്തില്‍ വീണ്ടും കളിക്കാന്‍ പറ്റുമെന്ന് കരുതിയിരുന്നില്ല. യുവി പറയുന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ യാത്രയില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത യുവിയെ അഭിനന്ദിക്കാന്‍ നായകന്‍ വിരാട് മറന്നില്ല. യുവി ഒരു ടോട്ടല്‍ മാച്ച് വിന്നറാണെന്നത് ആ 300 മത്സരങ്ങള്‍ സാക്ഷ്യം പറയും. കൂടുതല്‍ മത്സരങ്ങള്‍ കളിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. എന്നായിരുന്നു കോഹ്‌ലിയുടെ വാക്കുകള്‍.


Also Read: ‘ജനാധിപത്യ വിരുദ്ധനായ ഒരു പ്രധാനമന്ത്രിയുടെ തോന്ന്യവാസം’: ഇതിന് നിന്നുകൊടുക്കാന്‍ സൗകര്യമില്ല എന്ന് പറയാന്‍ ഒരു ചങ്ക് എങ്കിലും ഉള്ള മുഖ്യമന്ത്രി ഉണ്ടാകണമെന്ന് ഹരീഷ് വാസുദേവന്‍


മുന്നൂറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് യുവി. 19 ആമത്തെ ലോക താരവും.

” എന്റെ എറ്റവും വലിയ ക്വാളിറ്റി ഒരിക്കലും തോല്‍ക്കാന്‍ തയ്യാറാകാത്ത മനസാണ്. ഈ നിലയിലേക്ക് എത്താന്‍ ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്കു വേണ്ടി ഇന്നും കളിക്കാന്‍ ഞാന്‍ ജീവനോടെ ഉണ്ടെന്നതു തന്നെ എന്റെ ഭാഗ്യമാണ്. നല്ല നിലയിലാണ് ഇപ്പോള്‍. അതുകൊണ്ട് നഷ്ടങ്ങളെ കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല.” യുവി പറയുന്നു.

വീണ്ടും ഇന്ത്യയ്ക്കു വേണ്ടി കളിക്കാന്‍ കഴിയുന്നത് തന്നെ വലിയ അനുഗ്രഹമാണ്. കളിക്കാന്‍ കഴിയുന്ന കാലം വരെ ഇന്ത്യയ്ക്കു വേണ്ടി കളത്തിലിറങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും യുവി പറയുന്നു.

തന്റെ ജീവിതത്തെ പിടിച്ചുലച്ച ക്യാന്‍സറിനെ മറികടന്നതിനെ കുറിച്ച് പറയുമ്പോള്‍ സ്വയം ഒരു പോരാളിയായി തന്നെ അവതരിപ്പിക്കാനാണ് യുവിയ്ക്ക് ഇഷ്ടം. തന്നെ പ്രചോദനമായി കണ്ട് ഒരുപാടു പേര്‍ ക്യാന്‍സറിനെ ഫൈറ്റ് ചെയ്യുന്നുണ്ടെന്നും യുവി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more