ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ 2004-ല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയാക്കാന്‍ തന്നെയാണു പരിഗണിച്ചിരുന്നതെന്ന അവകാശവാദവുമായി ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണ. തന്റെ ആത്മകഥയായ ‘സ്മൃതിവാഹിനി’യിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ബെംഗളൂരുവില്‍ ശനിയാഴ്ചയാണ് ആത്മകഥ പ്രകാശനം ചെയ്യുന്നത്.
അഞ്ചു ദശാബ്ദക്കാലത്തോളം കോണ്‍ഗ്രസ് നേതാവായിരുന്ന കൃഷ്ണ, 2017-ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിലായിരിക്കെ വിദേശകാര്യ മന്ത്രി പദവി വഹിച്ചിട്ടുണ്ട്.
തന്നെ പ്രധാനമന്ത്രിയായി പരിഗണിക്കുന്നുണ്ടെന്ന കാര്യം മുന്‍ പ്രധാനമന്ത്രി കൂടിയായ മന്‍മോഹന്‍ സിങ്ങാണ് ഇക്കാര്യം മറ്റൊരാളോടു പറഞ്ഞതെന്നും കൃഷ്ണ ആത്മകഥയില്‍ പറയുന്നതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.
2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് സിങ് തന്റെ കോളേജ് കാലത്തെ സുഹൃത്തും സാമ്പത്തിക വിദഗ്ധനുമായ കെ. വെങ്കടഗിരി ഗൗഡയോടാണ് ഇക്കാര്യം പറഞ്ഞത്. തന്നെയോ കൃഷ്ണയെയോ ആയിരിക്കും പ്രധാനമന്ത്രിയായി പരിഗണിക്കുകയെന്നായിരുന്നു അദ്ദേഹം അന്നു പറഞ്ഞതെന്നു പുസ്തകത്തില്‍ പറയുന്നു.
ഗൗഡ പിന്നീട് ഇക്കാര്യം പലയിടത്തായി പറഞ്ഞിരുന്നു. ഇതാണു താനറിയാന്‍ കാരണമെന്നും കൃഷ്ണ പറഞ്ഞു.
2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം കര്‍ണാടകത്തില്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോഴും കോണ്‍ഗ്രസിനെ നയിച്ചത് കൃഷ്ണയായിരുന്നു. എന്നാല്‍ തോല്‍വിയായിരുന്നു ഫലം.
മുന്‍ പ്രധാനമന്ത്രിയും ഇപ്പോഴത്തെ ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ രണ്ടുവട്ടം കോണ്‍ഗ്രസില്‍ ചേരാന്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഐക്യമില്ലെന്നും തനിക്ക് കോണ്‍ഗ്രസില്‍ ചേരാന്‍ താത്പര്യമുണ്ടെന്നും ഗൗഡ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് അദ്ദേഹം പറയുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ അതു ശരിയാവില്ലെന്നും ഗൗഡയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ കോണ്‍ഗ്രസ് മുന്‍പ് ഉന്നയിച്ചിട്ടുണ്ടെന്നും താന്‍ ഗൗഡയോടു പറഞ്ഞതായും ഗൗഡ അത് അംഗീകരിച്ചതായും കൃഷ്ണ പുസ്തകത്തില്‍ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്താണ് ഇതു സംഭവിച്ചത്.
എണ്‍പതുകളില്‍ താന്‍ നേരിട്ട് ഗൗഡയെയും എസ്.ആര്‍ ബൊമ്മയെയും കോണ്‍ഗ്രസിലേക്കു ക്ഷണിച്ചതായും കൃഷ്ണ പറഞ്ഞു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ചരണ്‍ സിങ് രാജിവെച്ചതിനു ശേഷമാണ് ഇതു സംഭവിച്ചത്.
ഗൗഡയും ബൊമ്മയും ഒപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിയും തമ്മിലുള്ള കൂടിക്കാഴ്ച താന്‍ ഒരുക്കിയതായും കാര്യമുണ്ടായില്ലെന്നും കൃഷ്ണ പറഞ്ഞു.
‘പലപ്പോഴും ഗൗഡ എന്നെ വിളിക്കുമായിരുന്നു. 1999-ല്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പല ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗൗഡയുമായി ബന്ധം നിലനിര്‍ത്താനായില്ല. ഇതിലെനിക്കു നിരാശയുണ്ട്.
ഞങ്ങള്‍ തമ്മിലുള്ള അകലം കൂടിവന്നു. ഞാന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന് എന്നോടു താത്പര്യമുണ്ടായിരുന്നില്ല,’ കൃഷ്ണ പറഞ്ഞു.
ആത്മകഥയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ പ്രശംസിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തെ ഇഷ്ടപ്പെടുന്നയാളാണ് അവരെന്ന് അദ്ദേഹം പറഞ്ഞു.