കഥാപാത്രം നല്ലതാണെങ്കില്‍ അമ്മ വേഷം ചെയ്യാന്‍ മടിയില്ലെന്ന് മിയ
Daily News
കഥാപാത്രം നല്ലതാണെങ്കില്‍ അമ്മ വേഷം ചെയ്യാന്‍ മടിയില്ലെന്ന് മിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th October 2014, 10:30 am

mia[]കഥാപാത്രത്തിന്റെ പ്രായവും ലുക്കുമൊക്കെ നോക്കി വേഷം തിരഞ്ഞെടുത്ത കാലം അവസാനിച്ചു. ഇപ്പോഴത്തെ മിക്ക നായികമാരും പ്രധാന്യം നല്‍കുന്നത് തിരക്കഥയ്ക്കും കഥാപാത്രത്തിനും മാത്രമാണ്.

അഭിനയിക്കാന്‍ സാധ്യതകളുണ്ടെങ്കില്‍ അമ്മ വേഷം ചെയ്യുന്നതില്‍ മടിയില്ലെന്ന് പ്രഖ്യാപിച്ച നടിമാരുടെ കൂട്ടത്തിലേക്ക് മിയ ജോര്‍ജ് കൂടിയെത്തുകയാണ്.

മിയയുടെ പുതിയ ചിത്രം “നയന” യില്‍ നടി പ്രത്യക്ഷപ്പെടുന്നത് ഏഴ് വയസുകാരിയുടെ അമ്മയായാണ്. കാഴ്ച തകരാറുള്ള നയന എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയും അവള്‍ക്ക് കമല്‍ സ്വരൂപ് എന്ന മുന്‍ഐ.എ.എസ് ഓഫീസറുമായുള്ള ബന്ധത്തിലൂടെയുമാണ് ചിത്രം നീങ്ങുന്നത്.

ഈ ചിത്രത്തില്‍ നയനയുടെ അമ്മ ശ്വേതയായാണ് മിയ എത്തുന്നത്. തനിക്ക് ഈ അമ്മ വേഷം ചെയ്യാന്‍ യാതൊരു മടിയുമില്ലെന്നാണ് മിയ പറയുന്നത്. കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ പക്വതയുള്ള വേഷങ്ങള്‍ ചെയ്യാന്‍ പ്രയാസമില്ലെന്നും നടി വ്യക്തമാക്കുന്നു.

” ശ്വേത എന്ന അമ്മ കഥാപാത്രമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. മകള്‍ക്ക് കാഴ്ചയില്ലാത്തതില്‍ ആകുലപ്പെടുന്ന കഥാപാത്രം. ഒരു പെണ്‍കുട്ടിയുടെ മാനസികാഘാതവും എങ്ങനെയാണ് അവളുടെ കഥാപാത്രം ഒരു പ്രായമുള്ള വ്യക്തിയുടെ വ്യക്തിത്വത്തെ മാറ്റുന്നത് എന്നുമാണ് “നയന” പറയുന്നത്.” മിയ പറയുന്നു.

” തിരക്കഥ ആവശ്യപ്പെടുന്നെങ്കില്‍ ഒരു മുതിര്‍ന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. സ്‌ക്രീനില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ നമ്മള്‍ യഥാര്‍ത്ഥ ജീവിതത്തിലുള്ള വ്യക്തിത്വത്തില്‍ നിന്നും മാറും. അതാണ് ഈ ജോലിയുടെ പ്രത്യേകത.” മിയ വ്യക്തമാക്കുന്നു.

ബേബി അനിഘയാണ് നയന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. “പ്രണയം” എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ബോളിവുഡ് താരം അനുപം ഖേറാണ് വിരമിച്ച ഐ.എ.എസ് ഓഫീസറുടെ വേഷത്തിലെത്തുന്നത്.

സാമൂഹ്യപ്രധാന്യമുള്ള കഥ പറയുന്ന കുടുംബ ചിത്രമാണ് “നയന”. കെ.എന്‍ ശശീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.