| Thursday, 17th November 2022, 4:03 pm

തല്ലുമാലയിലേക്ക് എന്നെ വിളിച്ചിരുന്നു; പോകാതിരുന്നത് വലിയ നഷ്ടമായിപ്പോയി: ആന്റണി വര്‍ഗീസ് പെപ്പെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തല്ലുമാലയില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചതിനെ കുറിച്ചും ആ സിനിമയിലെ റോള്‍ തനിക്ക് നഷ്ടപ്പെട്ടതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ.

ചില കാരണങ്ങള്‍ കൊണ്ട് ആ സമയത്ത് സിനിമയുടെ ഭാഗമാകാന്‍ തനിക്ക് പറ്റിയില്ലെന്നും അത് വലിയൊരു നഷ്ടമായി ഇപ്പോള്‍ തോന്നുന്നുണ്ടെന്നുമാണ് പെപ്പെ പറഞ്ഞത്.

ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന സിനിമയുടെ ഭാഗമായി ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പെപ്പെ. ഐ.എം വിജയന്‍, ലുക്മാന്‍ അവറാന്‍ തുടങ്ങിയവരും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

തല്ലുമാല പോലെ ഒരു സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിനായിരുന്നു പെപ്പെയുടെ മറുപടി.

‘ തല്ലുമാലയിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷേ ആ സമയത്ത് എനിക്ക് പറ്റിയില്ല. അത് വലിയൊരു നഷ്ടമായിപ്പോയി. ഇനിയും അത്തരത്തില്‍ അവസരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്നായിരുന്നു പെപ്പെ പറഞ്ഞു.

അത് കുഴപ്പമില്ലെന്നും ഇനിയും ചെയ്യാമല്ലോ എന്നും ലുക്മാന്‍ പറഞ്ഞപ്പോള്‍ നമ്മള്‍ ഒരുമിച്ച് അങ്ങനെ ഒരു പടം ചെയ്യുമെന്നും അന്ന് ഇടിയുടെ പെരുന്നാളായിരിക്കുമെന്നുമായിരുന്നു പെപ്പെയുടെ കമന്റ്.

തല്ലുമാലയില്‍ നല്ല രീതിയില്‍ തന്നെ ഇടികിട്ടിയിട്ടുണ്ടാകുമല്ലേ എന്ന ചോദ്യത്തിന് അത്യാവശ്യം കിട്ടിയിട്ടുണ്ടെന്നായിരുന്നു ലുക്മാന്റെ മറുപടി. ‘ഫൈറ്റിന് അത്രയും ഇംപോര്‍ട്ടന്‍സ് ഉള്ള സിനിമയാണല്ലോ. പിന്നെ ചില ഷോട്ടുകള്‍ വെക്കുമ്പോള്‍ ചെറിയ ടച്ച് വേണമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിക്കുമായിരുന്നു. അല്ലെങ്കില്‍ അത് നമുക്ക് അത് പെട്ടെന്ന് അറിയാന്‍ പറ്റും. അങ്ങനത്തെ ഷോട്ടുകളില്‍ ഇടികിട്ടിയിട്ടുണ്ട്’ എന്ന് ലുക്ക്മാന്‍ പറഞ്ഞപ്പോള്‍ നിനക്ക് രണ്ടെണ്ണം കിട്ടുന്നത് നല്ലതാണ് എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള പെപ്പെയുടെ കൗണ്ടര്‍. ഫുട്‌ബോള്‍ കഥ മാത്രമല്ല ചിത്രം പറയുന്നതെന്നും ചിത്രത്തില്‍ ഫൈറ്റില്ലെന്നും പെപ്പെ പറഞ്ഞു.

പെപ്പെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

നവാഗതനായ നിഖില്‍ പ്രേംരാജ് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 25നാണ് തിയറ്ററുകളില്‍ എത്തുന്നത്. നേരത്തെ ഒക്ടോബര്‍ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് നവംബര്‍ നാലിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് വീണ്ടും പോകുകയായിരുന്നു. ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ഇറങ്ങുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ഇതിഹാസം ഐ.എം വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Content highlight: I Was Called to Thallumala Movie Antony Varghese Pepe

We use cookies to give you the best possible experience. Learn more