ഞാന്‍ ജനിച്ചത് ദളിതനായാണ്, എന്നാല്‍ ഞാന്‍ ദളിതരുടെ മാത്രം നേതാവിയിരിക്കില്ല: ചന്ദ്രശേഖര്‍ ആസാദ്
national news
ഞാന്‍ ജനിച്ചത് ദളിതനായാണ്, എന്നാല്‍ ഞാന്‍ ദളിതരുടെ മാത്രം നേതാവിയിരിക്കില്ല: ചന്ദ്രശേഖര്‍ ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2024, 12:21 pm

ലഖ്നൗ: താന്‍ ജനിച്ചത് ദളിതനായാണ്, പക്ഷെ താന്‍ ദളിതരുടെ മാത്രം നേതാവല്ലെന്ന് നാഗിന എം.പി ചന്ദ്രശേഖര്‍ ആസാദ്. ദി പ്രിന്റിന് കൊടുത്ത അഭിമുഖത്തിലാണ് ചന്ദ്രശേഖര്‍ ആസാദ് ഇക്കാര്യം പറഞ്ഞത്.

ഉത്തര്‍പ്രദേശിലെ നാഗിനയില്‍ നിന്ന് 5 ലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് ആസാദ് ലോക്‌സഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിയുടെ ഓം കുമാറിനെ ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

‘ഞാന്‍ ദളിതനായി ജനിച്ചത് ഈ രാജ്യത്ത് ജാതി വ്യവസ്ഥ ഉള്ളതുകൊണ്ടാണ്, എനിക്ക് വോട്ട് ചെയ്തവരില്‍ ദളിതര്‍ മാത്രമല്ല ഉള്ളത്. എല്ലാ വിഭാഗത്തില്‍ നിന്നുള്ള ജനങ്ങളും ഉണ്ട്. ഞാന്‍ എന്റെ മണ്ഡലത്തിലെ 16 ലക്ഷം ജനങ്ങളുടെ പ്രതിനിധിയാണ്. അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്.

സാമൂഹ്യ പരിഷ്‌കര്‍ത്താവും ബി.എസ്.പി സ്ഥാപകനുമായ കാന്‍ഷിറാമിന്റെ പ്രത്യയശാസ്ത്രത്തിന്റെ അനുയായിയാണ് ഞാന്‍. ആ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്ഥാനം നടത്തുന്നത്. ഈ രാജ്യത്തെ പിന്നാക്കക്കാര്‍, ദളിതുകള്‍, ആദിവാസികള്‍, മുസ്‌ലിങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.

മാത്രമല്ല, ഒരു എം.പി എന്ന നിലയില്‍ ഞാന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കും. കാരണം അവര്‍ ഈ രാജ്യത്തിന്റെ നട്ടെല്ലാണ്. മിനിമം താങ്ങുവില പോലെയുള്ള അവരുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്,’ ആസാദ് പറഞ്ഞു.

മാധ്യമങ്ങള്‍ ആത്മ പരിശോധന നടത്തണമെന്നും, മായാവതിയെ ഒതുക്കിയ പോലെ എല്ലാവരെയും ആ ജാതിയില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ ശ്രമിക്കരുതെന്നും താന്‍ എല്ലാ സമൂഹത്തിന്റെയും നേതാവാണെന്ന് പറഞ്ഞിട്ടും മാധ്യമങ്ങള്‍ അവരെ ദളിത് നേതാവായി മാത്രം ചുരുക്കി എന്നും ആസാദ് പറഞ്ഞു.

Content Highlight: I was born a Dalit, but I am not just a Dalit leader, Chandrashekhar Azad says after LS win