ഞാന്‍ അന്ന് പറഞ്ഞപ്പോള്‍ ആക്രമിച്ചു; കഞ്ചാവിനെ അപകടകാരികളായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയ തീരുമാനത്തിനെ പിന്തുണച്ച് ശശി തരൂര്‍
national news
ഞാന്‍ അന്ന് പറഞ്ഞപ്പോള്‍ ആക്രമിച്ചു; കഞ്ചാവിനെ അപകടകാരികളായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയ തീരുമാനത്തിനെ പിന്തുണച്ച് ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th December 2020, 1:38 pm

തിരുവനന്തപുരം: അപകടകാരികളായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും യു.എന്‍ നാര്‍കോട്ടിക്സ് കമ്മിഷന്‍ കഞ്ചാവിനെ ഒഴിവാക്കിയ തീരുമാനത്തിനെ പിന്തുണച്ച് ശശി തരൂര്‍ എം.പി.

ലോകത്തിലെ ഏറ്റവും അപകടകാരികളായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാനുള്ള പ്രമേയത്തെ അനുകൂലിച്ച ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.

താന്‍ നേരത്തെ തന്നെ ഈകാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നെന്നും എന്നാല്‍ അന്ന് തനിക്ക് നേരെ അക്രമണമുണ്ടായെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. തന്റെ പഴയ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു തരൂര്‍ തീരുമാനത്തെ സ്വാഗതം ചെയ്തത്.

‘ഞാന്‍ ഒരിക്കലും കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് ഇത് നിയമ വിധേയമാക്കാനുള്ള നയ ശുപാര്‍ശ നടത്തിയപ്പോള്‍ എനിക്ക് നേരെ ആക്രമണമുണ്ടായി. കഞ്ചാവ് കൈവശം വെച്ചതിന് ബോളിവുഡ് താരങ്ങളെ അറസ്റ്റ് ചെയ്യുന്നതിനിടയിലും, അപകടകരമായ മയക്കു മരുന്നുകളുടെ വിഭാഗത്തില്‍ നിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള യുഎന്‍ കമ്മീഷന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു’ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

അപകടകാരികളായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ കഴിഞ്ഞ ദിവസമാണ് യു.എന്‍ നാര്‍കോട്ടിക്സ് കമ്മിഷന്‍ ഒഴിവാക്കിയത്. ബുധനാഴ്ച നടത്തിയ വോട്ടെടുപ്പില്‍ അനുകൂലമായ തീരുമാനമുണ്ടാവുകയായിരുന്നു. ആരോഗ്യമേഖലയിലെ കഞ്ചാവിന്റെ ഉപയോഗത്തില്‍ ഇതോടുകൂടി വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

1961ലെ നാര്‍കോട്ടിക് ഡ്രഗ്സ് കണ്‍വെന്‍ഷന്‍ മുതലുള്ള പട്ടികയില്‍ ഹെറോയിനടക്കമുള്ള ലഹരി വസ്തുക്കളോടൊപ്പം ഷെഡ്യൂള്‍ നാലിലായിരുന്നു കഞ്ചാവിന്റെ സ്ഥാനം. ഇതിനെ ഷെഡ്യൂള്‍ നാലില്‍ നിന്നും മാറ്റി ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നാര്‍കോട്ടിക്സ് കമ്മിഷന്‍ വിഷയത്തില്‍ നടപടി സ്വീകരിച്ചത്.

അമേരിക്കയും ബ്രിട്ടണുമാണ് കഞ്ചാവിനെ അതീവ അപകടകാരിയായ ലഹരി വസ്തുക്കളുടെ പട്ടികയില്‍ നിന്നും മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇന്ത്യയും ഈ നടപടിയെ പിന്തുണയ്ക്കുകയായിരുന്നു.

ആരോഗ്യമേഖലയില്‍ ഏറെ ഫലപ്രദമായ മരുന്നുകള്‍ നിര്‍മ്മിക്കാന്‍ കഞ്ചാവ് ഉപയോഗിക്കാന്‍ സാധിക്കുമെന്നും അതിനാല്‍ ഗുരുതര ലഹരി വസ്തുക്കളുടെ പട്ടികയില്‍ നിന്നും ഇതിനെ ഒഴിവാക്കണമെന്നും നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു.

എന്നാല്‍ ചൈന, റഷ്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തി. അപകടകരമായ ലഹരി വസ്തുക്കളുടെ പട്ടികയായ ഷെഡ്യൂള്‍ നാലില്‍ നിന്നും കഞ്ചാവിനെ മാറ്റുന്നതില്‍ ഈ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. ഒടുവില്‍ 27-25 എന്ന നിലയില്‍ കഞ്ചാവിന് അനുകൂലമായ തീരുമാനമുണ്ടാവുകയായിരുന്നു.

ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള നിയമനിര്‍മാണവും വ്യവസ്ഥകളും ഓരോ രാജ്യവുമാണ് തീരുമാനിക്കുന്നതെങ്കിലും ഈ വിഷയത്തിലെ യു.എന്‍ നിലപാടിന് സുപ്രധാനമായ സ്ഥാനമുണ്ട്.

യു.എന്‍ നടപടിയെ തുടര്‍ന്ന് കഞ്ചാവിനെ മരുന്നു നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന കമ്പനികളുടെ ഓഹരി മൂല്യം കുതിച്ചുയര്‍ന്നു. നിലവില്‍ യു.എസിലെ വിവിധ സംസ്ഥാനങ്ങളില്‍ കഞ്ചാവ് നിയമവിധേയമാണ്. ഇന്ത്യയിലെ വസ്ത്രനിര്‍മ്മാണ മേഖലയിലും സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മ്മാണത്തിലും കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: I was attacked when I said that; Shashi Tharoor supports decision to remove cannabis from list of hazardous drugs