കോഴിക്കോട്: ഗാന്ധിജി വധിക്കപ്പെട്ടതിന് ശേഷവും ആര്‍.എസ്.എസ് ആശയത്തോടുള്ള തന്റെ ആഭിമുഖ്യം കുറഞ്ഞിരുന്നില്ലെന്ന് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. ഗാന്ധി വധത്തിന് ശേഷം ആര്‍.എസ്.എസിനെ നിരോധിച്ചിരുന്നു.
പക്ഷെ ആര്‍.എസ്.എസ് വിട്ടുപോകാന്‍ താന്‍ തയ്യാറല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന്റെ റോഡ് ടു വോട്ട് പരിപാടിയിലായിരുന്നു ശ്രീധരന്റെ പ്രതികരണം.
‘ഗാന്ധിജി വധിക്കപ്പെടുന്ന കാലത്ത് ഞാന്‍ ആര്‍.എസ്.എസിലുണ്ട്. ആ സമയത്ത് വിക്ടോറിയയില്‍ പഠിക്കുകയായിരുന്നു. നിരോധനം മൂലം ആര്‍.എസ്.എസ് വിട്ടുപോയില്ല. പഠനം കഴിഞ്ഞയുടന്‍ ഉദ്യോഗത്തില്‍ ചേര്‍ന്നതിനാല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. പക്ഷെ ആര്‍.എസ്.എസ് ആശയങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു,’ ശ്രീധരന്‍ പറഞ്ഞു.
സുഹൃത്തുക്കളാണ് തന്നെ ആര്‍.എസ്.എസ് ശാഖയിലേക്ക് കൊണ്ടുപോയതെന്നും രാജ്യസ്‌നേഹം, അച്ചടക്കം എന്നിവ അവിടെ നിന്നാണ് പഠിച്ചതെന്നുമായിരുന്നു ശ്രീധരന്‍ പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു ഇ. ശ്രീധരന്റെ ബി.ജെ.പി പ്രവേശനം. ഫെബ്രുവരി 25നാണ് ശ്രീധരന്‍ ബി.ജെ.പിയില്‍ നിന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്.
പാര്‍ട്ടിപ്രവേശനം ജീവിതത്തിലെ പുതിയ അധ്യായമാണെന്ന് ശ്രീധരന്‍ പറഞ്ഞിരുന്നു. 67 വര്‍ഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാന്‍ ബി.ജെ.പി തന്നെ വേണം എന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് ശ്രീധരന്‍ പറഞ്ഞത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ല. ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്’ എന്നായിരുന്നു ഇ. ശ്രീധരന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക