താന്‍ എത്തിക്‌സുള്ള ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു എന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ജേര്‍ണലിസ്റ്റുകള്‍ക്ക് എത്തിക്‌സില്ലെന്നും കിട്ടുന്നതൊക്കെ വാര്‍ത്തയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുന്ന കാലത്ത് പത്രങ്ങള്‍ തമ്മിലുള്ള മത്സരം വാര്‍ത്ത ആദ്യം ആര് കൊടുക്കും എന്നതിനെ ചൊല്ലിയായിരുന്നു എന്നും ജോയ് മാത്യു പറഞ്ഞു.
താന്‍ സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു എന്ന് ആരോപണം ഉന്നയിച്ചയാള്‍ പോക്‌സോ കേസിലെ പ്രതിയായിരുന്നു എന്നും ജോയ് മാത്യ അഭിമുഖത്തില്‍ പറഞ്ഞു.’ പുള്ളി പോക്‌സോ കേസില്‍ പ്രതിയാണ്. മാത്രവുമല്ല അയാള്‍ പത്താം ക്ലാസ് പാസായിട്ടില്ല. പക്ഷേ ഡോക്ടര്‍ എന്നാണ് അയാളുടെ പേരിനൊപ്പമുള്ളത്. പക്ഷെ മാധ്യമങ്ങള്‍ ഇന്റര്‍വ്യൂ എടുക്കുമ്പോള്‍ അതൊന്നും ചോദിക്കില്ല. പത്താം ക്ലാസ് പാസാകാത്ത ആള്‍ക്ക് എങ്ങനെ ഡോക്ടറേറ്റ് കിട്ടി മാധ്യമങ്ങള്‍ ചോദിക്കില്ല. നിങ്ങള്‍ (മാധ്യമങ്ങള്‍) എന്നെപ്പോലെ ഒരാള്‍ക്കെതിരെ ഒരു ആരോപണം വരുമ്പോള്‍ ഉടന്‍ അത് വാര്‍ത്തയാക്കും.
ഞാന്‍ മാധ്യമപ്രവര്‍ത്തകനായിരിക്കുമ്പോള്‍ എനിക്കൊരു എത്തിക്‌സുണ്ടായിരുന്നു. ഞാന്‍ പഠിച്ച സ്‌കൂളില്‍, ഞങ്ങളെ പഠിപ്പിച്ച അധ്യാപകര്‍ ജേര്‍ണലിസത്തില്‍ ഒരു എത്തിക്‌സുണ്ടെന്ന് പഠിപ്പിച്ചിരുന്നു. താങ്കളെ കുറിച്ച് (അവതാരകനോട്) ഒരു വാര്‍ത്ത എനിക്ക് കിട്ടിയാല്‍ സ്വാഭാവികമായും ഞാന്‍ ക്രോസ് ചെക്ക് ചെയ്യണം. നിങ്ങളെ വിളിച്ച് ചോദിക്കണം. നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അതടക്കം പറയണം. ആരോപണം ഉന്നയിക്കുന്ന ആളുടെ ക്രെഡിബിലിറ്റിയും നമ്മള്‍ നോക്കണം. ഏതെങ്കിലും ഒരാള്‍ പത്രസമ്മേളനം നടത്തി ഇന്നയാള്‍ ഇന്നത് ചെയ്ത് എന്ന് പറയുമ്പോള്‍ കൊടുക്കുകയല്ല വേണ്ടത്. അയാളുടെ ക്രെഡിബിലിറ്റ്, താങ്കള്‍ ആരാണ്, എന്ന് ആദ്യം ചോദിക്കണം.
എനിക്കെതിരെ ആരോപണം ഉന്നയിച്ച സംവിധായകന്റെ വിശ്വാസ്യത എന്നത് അയാള്‍ പോക്‌സോ കേസ് കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയിട്ടേയുള്ളൂ. അതിന് പുറമെ പത്താം ക്ലാസ് പാസാകാത്ത ആള്‍, പത്താം ക്ലാസ് പാസാകാത്തത് ഒരു അയോഗ്യതയല്ല, പക്ഷെ ഡോക്ടറേറ്റ് എങ്ങനെ കിട്ടിയെന്നത് ചോദ്യമാണ്. ക്രെഡിബിള്‍ ആയ ഒരാള്‍ പറയണം, ഇന്നയാള്‍ ഇന്നത് ചെയ്തു എന്നു. അത് നമുക്ക് വിശ്വസിക്കാം. ഇതെങ്ങെനെ വിശ്വസിക്കും.
പുതിയ ജേര്‍ണലിസ്റ്റുകള്‍ക്ക് എത്തിക്‌സൊന്നുമില്ല. കിട്ടുന്നതൊക്കെ എടുത്ത് വാര്‍ത്തയാക്കുകയാണ്. ഞാന്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുന്ന കാലത്ത് പത്രങ്ങള്‍ തമ്മില്‍ മത്സരമുണ്ടായിരുന്നു. ആരാണ് ആദ്യം വാര്‍ത്ത കൊടുക്കുന്നത് എന്നത് സംബന്ധിച്ചായിരുന്നു മത്സരം. ആരോപണം ആരാദ്യം കൊടുക്കുമെന്നല്ല, വാര്‍ത്ത ആരാദ്യം കൊടുക്കുമെന്ന്. അത് അന്വേഷിച്ചിട്ടേ കൊടുക്കുമായിരുന്നുള്ളൂ. വെറുതെ കിട്ടിയപാടെ കൊടുക്കില്ല.
ഞാന്‍ ദുബൈയിലാണ് വര്‍ക്ക് ചെയ്തിരുന്നത്. ഞാനവിടെ പത്രപ്രവര്‍ത്തക യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. അന്ന് ഞങ്ങളൊരു തീരുമാനമെടുത്തു. ഉദാഹരണത്തിന്, ‘ഒമാനില്‍ കാറപടകടം, അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു, അല്ലെങ്കില്‍ അഞ്ച് മലയാളികള്‍ മരിച്ചു’ ഇത് വായിക്കുമ്പോള്‍ ഇവിടെയുള്ള മലയാളികള്‍ ആകെ പാനിക്കാകും, ടെന്‍ഷനാകും. അങ്ങനെ കൊടുക്കാന്‍ പാടില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ‘കൃത്യമായി തിരുവല്ല സ്വദേശികളാണ് മരിച്ചത്, പിന്നീട് അവരുടെ പേരുവിവരങ്ങളും കൊടുക്കണം’ ഇങ്ങനെ നമ്മള്‍ തന്നെ തീരുമാനിക്കുന്ന കുറെ എത്തിക്‌സുകളുണ്ട്. അത് സ്വാഭാവികമായി ഉണ്ടായി വരേണ്ടതാണ്. പുതിയ മാധ്യമപ്രവര്‍ത്തകില്‍ അത് കാണുന്നില്ല,’ ജോയ് മാത്യു പറഞ്ഞു.
content highlights: I was a journalist with ethics, new journalists don’t: Joy Mathew