ക്രിക്കറ്റില്‍ എല്ലാ പന്തും അനായാസമായി കൈകാര്യം ചെയ്യുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബൗളര്‍മാര്‍ക്ക് എന്നും തീരാത്ത തലവേദനയായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച് കഴിഞ്ഞാല്‍ ഗ്രൗണ്ടിന്റെ നാലുപാടേക്കും ഷോട്ടുകള്‍ പായിക്കുന്ന സച്ചിനെ പുറത്താക്കാന്‍ ബൗളര്‍മാര്‍ തങ്ങളുടെ ബ്രഹ്മാസ്ത്രങ്ങളെല്ലാം തന്നെ പുറത്തെടുക്കുമായിരുന്നു.
അത്തരത്തില്‍ സച്ചിനെ പുറത്താക്കാന്‍ അദ്ദേഹത്തിന്റെ എക്കാലത്തേയും മികച്ച റൈവലായ ഷോയിബ് അക്തറും പരിശ്രമിക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ അക്തറിന്റെ ശ്രമങ്ങള്‍ വിജയം കാണാറുണ്ടെങ്കിലും അതിന് വലിയ വില തന്നെയായിരുന്നു പലപ്പോഴും കൊടുക്കേണ്ടി വന്നത്.
ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ സച്ചിനെ പുറത്താക്കുകയെന്നത് അഭിമാനത്തിന്റെ പ്രശ്‌നമായാണ് അക്തര്‍ എന്നും കണ്ടിരുന്നത്.
അത്തരത്തില്‍ ഒരിക്കല്‍ കറാച്ചിയില്‍ നടന്ന ടെസ്റ്റില്‍ സച്ചിനെ പുറത്താക്കുക എന്നതിലുപരി സച്ചിനെ വേദനിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് പറയുകയാണ് റാവല്‍പിണ്ടി എക്‌സ്പ്രസ്. സച്ചിനെ വേദനിപ്പിക്കാനായി മാത്രമാണ് താന്‍ ആ മത്സരത്തില്‍ പന്തെറിഞ്ഞതെന്നാണ് താരം പറയുന്നത്.
സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ ഇതാദ്യമായാണ് വെളിപ്പെടുത്തുന്നത്. എനിക്ക് സച്ചിനെ വീഴ്ത്തണമെന്നുമാത്രമായിരുന്നു. സച്ചിനെ പരിക്കേല്‍പ്പിക്കാന്‍ ഞാന്‍ എന്തും ചെയ്യാനുറച്ചുതന്നെയായിരുന്നു.
വിക്കറ്റിന് മുമ്പില്‍ പന്തെറിയാനായിരുന്നു ഇന്‍സമാം എന്നോട് ആവശ്യപ്പെട്ടത്. പക്ഷേ സച്ചിന്റെ ദേഹത്ത് പന്തെറിഞ്ഞ് വീഴ്ത്താനായിരുന്നു ഞാന്‍ ശ്രമിച്ചത്.
ഞാന്‍ സച്ചിന്റെ ഹെല്‍മെറ്റില്‍ പന്തെറിഞ്ഞു, അതോടെ എല്ലാം തീര്‍ന്നു എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീട് ഞാന്‍ അതിന്റെ വീഡിയോ കണ്ടപ്പോള്‍ സച്ചിന് ഒന്നും പറ്റിയില്ല എന്നെനിക്ക് മനസിലായി. സച്ചിന്‍ എങ്ങനെയോ സ്വയം രക്ഷപ്പെട്ടു,’ അക്തര്‍ പറയുന്നു.
തുടര്‍ന്നും സച്ചിനെതിരെ ഇത്തരത്തിലുള്ള ഡെലിവറികള്‍ ചെയ്തിരുന്നതായും അക്തര്‍ വെളിപ്പെടുത്തി.
അക്തറിനെക്കാളും ഇന്ത്യന്‍ ടീമിനെ ഏറെ ബുദ്ധിമുട്ടിച്ചത് പേസര്‍ മുഹമ്മദ് ആസിഫാണ്. ഇന്ത്യയെ 341 റണ്‍സിന്റെ വമ്പന്‍ പരാജയത്തിലേക്ക് തള്ളിവിട്ടതും ആസിഫിന്റെ സ്‌പെല്ലാണ്.
Content Highlight: I wanted to hit Sachin Tendulkar and wound him at any cost – Shoaib Akhtar makes sensational claim