| Thursday, 11th April 2024, 11:27 am

ആ സിനിമ കണ്ട ശേഷമാണ് സംവിധായകനാകണമെന്ന ആഗ്രഹം മനസില്‍ കയറിയത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വരുന്നത്.

വിനീത് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം, ഹൃദയം തുടങ്ങി ചെയ്ത എല്ലാ സിനിമകളും ഹിറ്റാക്കിയ സംവിധായകന്‍ കൂടിയാണ് അദ്ദേഹം.

സിനിമാ സംവിധായകനാകണമെന്ന ആഗ്രഹം തന്റെ മനസില്‍ കയറിക്കൂടിയ നാളുകളെ കുറിച്ച് പറയുകയാണ് വിനീത്. അച്ഛന്റെ സിനിമകളൊന്നുമല്ല തന്നെ സിനിമയിലേക്ക് എത്തിച്ചതെന്നും ചെന്നൈയില്‍ താമസിക്കുന്ന കാലത്ത് താന്‍ കണ്ട ഒരു സിനിമയാണ് സംവിധാനമെന്ന സ്വപ്‌നത്തിലേക്ക് തന്നെ നയിച്ചതെന്നാണ് വിനീത് പറയുന്നത്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.

‘ സംവിധായകനാകണമെന്ന മോഹം എന്റെ മനസില്‍ വന്നത് ദില്‍ ചാത്താ ഹെ എന്ന സിനിമ കണ്ട ശേഷമാണ്. ചെന്നൈയില്‍ വെച്ചാണ് ആ സിനിമ കാണുന്നത്. തുടക്കം മുതല്‍ തന്നെ ആ ചിത്രം എന്നെ വല്ലാതെ ആകര്‍ഷിച്ചു. എന്റെ ദൈവമേ ഇതൊരു പുതിയ പരീക്ഷണമാണല്ലോ എന്ന് തോന്നി.

വളരെ കാഷ്വല്‍ ആയി വസ്ത്രം ധരിച്ച നായകന്‍മാരായിരുന്നു അതിലുണ്ടായിരുന്നത്. സാധാരണ രീതിയില്‍ അങ്ങനെ വസ്ത്രം ധരിക്കുന്ന നായകന്‍മാരല്ല ഹിന്ദി സിനിമയില്‍ ഉണ്ടാകുക. മാത്രമല്ല സിനിമയില്‍ സിങ്ക് സൗണ്ട് ആണ് ഉപയോഗിച്ചതെന്ന് എനിക്ക് തോന്നി. കാരണം അത്ര
നാച്ചുറലായിയിരുന്നു ഡയലോഗുകള്‍.

പിന്നെ ഞാന്‍ അക്ഷയ് ഖന്നയുടെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ പ്രകടനം അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട്. തിയേറ്ററില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് ഈ സിനിമ ആരാണ് സംവിധാനം ചെയ്തത് എന്ന് നോക്കി. തിരക്കഥ, സംവിധാനം ഫര്‍ഹാന്‍ അക്തര്‍ എന്ന് കണ്ടു.

ആ ഒരു നിമിഷത്തില്‍ തന്നെ ഇങ്ങനെ ഒരു സിനിമയാണ് എനിക്ക് സംവിധാനം ചെയ്യേണ്ടതെന്ന് ഞാന്‍ ഉറപ്പിച്ചു. വി.എച്ച്.എച്ച് മാറി വി.സി.പിയും ഡി.വി.ഡിയും വരുന്ന സമയമാണ്. ഞാനും എന്റെ ഒരു കസിനും കൂടി പോയി ബള്‍ക്കായി ഒരുപാട് സിനിമകളുടെ വി.എച്ച്.എസ് കാസറ്റുകള്‍ വാങ്ങിക്കൂട്ടി.

അന്ന് അദ്ദേഹത്തിന് ജോലിയുണ്ടായിരുന്നു. കാസറ്റുകള്‍ വാങ്ങാനുള്ള പണമൊക്കെ അദ്ദേഹമാണ് തരുന്നത്. അത്തരത്തില്‍ ക്ലാസിക് സിനിമകളൊക്കെ വാങ്ങി കാണാന്‍ തുടങ്ങി. ലൈബ്രറിയില്‍ പോയി ചില മെറ്റീരിയല്‍സൊക്കെ കളക്ട് ചെയ്ത് പഠിക്കാന്‍ തുടങ്ങി. സിനിമകളോട് വല്ലാത്തൊരു താത്പര്യം തോന്നിത്തുടങ്ങി.

അങ്ങനെയാണ് കുറസോവ സിനിമകളും മറ്റും ഞാന് കാണുന്നത്. എന്റെ ഈ കളക്ഷന്‍സൊക്കെ കണ്ടപ്പോള്‍ ഒരു ദിവസം അച്ഛന്‍ എന്നോട് ക്ലാസിക് സിനിമകള്‍ കാണാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അങ്ങനെയാണെങ്കില്‍ നീ ആദ്യം കാണേണ്ട മൂന്ന് സിനിമകള്‍ ഉണ്ടെന്ന് പറഞ്ഞു.

സിനിമാ പാരഡൈസ്, ഗുഡ് ബാഡ് ആന്റ് അഗ്ലി, ലോറന്‍സ് ഓഫ് അറേബ്യ എന്നീ ചിത്രങ്ങളായിരുന്നു അച്ഛന്‍ സജസ്റ്റ് ചെയ്തത്. മൂന്നും മൂന്ന് തരം സിനിമകളാണ്. ഈ മൂന്ന് സിനിമകള്‍ കണ്ടാല്‍ നിനക്ക് ഏകദേശമൊരു ധാരണ ലഭിക്കുമെന്ന് പറഞ്ഞു. അതായിരുന്നു തുടക്കം,’ വിനീത് പറഞ്ഞു.

Content Highlight: I wanted to become a director after watching that movie says Vineeth Sreenivasan

We use cookies to give you the best possible experience. Learn more