'വയനാട് മെഡിക്കല്‍ കോളേജ് വിഷയം സഭയില്‍ ഉന്നയിച്ചെങ്കിലും അവര്‍ എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല': പാര്‍ലമെന്റില്‍ നടക്കുന്നത് മോദിയെ രക്ഷിക്കാനുള്ള ശ്രമം: രാഹുല്‍
India
'വയനാട് മെഡിക്കല്‍ കോളേജ് വിഷയം സഭയില്‍ ഉന്നയിച്ചെങ്കിലും അവര്‍ എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല': പാര്‍ലമെന്റില്‍ നടക്കുന്നത് മോദിയെ രക്ഷിക്കാനുള്ള ശ്രമം: രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th February 2020, 3:45 pm

ന്യൂദല്‍ഹി: തന്റെ ചോദ്യങ്ങളെ ബി.ജെ.പി ഭയപ്പെടുന്നതായും ചോദ്യങ്ങളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പാര്‍ലമെന്റില്‍ നടക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

വയനാടിന് മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നെങ്കിലും തന്നെ സംസാരിക്കാന്‍ പോലും ബി.ജെ.പി അനുവദിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരു മെഡിക്കല്‍ കോളേജ് ഇല്ലെന്നാണ് വയനാട്ടുകാര്‍ നേരിടുന്ന വലിയ പ്രതിസന്ധി. അതുകൊണ്ട് തന്നെയാണ് ആ വിഷയം ഞാന്‍ സഭയിലുയര്‍ത്തിയത്. ഞാന്‍ സംസാരിക്കുന്നത് ബി.ജെ.പിക്ക് പൊതുവെ ഇഷ്ടമല്ല. ഇത്തവണയും അവര്‍ എന്റെ സംസാരം തടസ്സപ്പെടുത്തി. ഞങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇന്ന് പാര്‍ലമെന്റില്‍ നടന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് തന്നെ പരിശോധിക്കാം. കോണ്‍ഗ്രസ് എം.പിയായ മണിക്കാം ടാഗോര്‍ ആരേയും ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല. ബി.ജെ.പിക്കാരാണ് അദ്ദേഹത്തെ ആക്രമിക്കാന്‍ മുന്നോട്ടുവന്നത്- രാഹുല്‍ ഗാന്ധി പറഞ്ഞു.

ചോദ്യോത്തര വേളയ്ക്കിടെ വയനാട്ടിലെ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിഷയം രാഹുല്‍ സഭയില്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി പറയാന്‍ എഴുന്നേറ്റ ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, രാഹുലിന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ കഴിഞ്ഞ ദിവസം രാഹുല്‍ മോദിക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെ രംഗത്തെത്തുകയായിരുന്നു.

ആറു മാസത്തിനുള്ളില്‍ ഇന്ത്യയിലെ യുവ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വടിയെടുത്ത് അടിക്കുമെന്ന പ്രസ്താവനയായിരുന്നു
ബിജെപിയെ രോഷം കൊള്ളിച്ചത്.

രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മോദിക്കെതിരെ കഴിഞ്ഞ ദിവസം ആക്രമണം അഴിച്ചു വിട്ടത്. ‘ പ്രധാനമന്ത്രിക്ക് വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിക്കെതിരെ മോശം ഭാഷയിലാണ് രാഹുല്‍ സംസാരിച്ചതെന്നായിരുന്നു ഹര്‍ഷ് വര്‍ധന്റെ ആരോപണം. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നതിനെ താന്‍ അപലപിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ചോദ്യത്തിന് മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ല രംഗത്തെത്തിയപ്പോള്‍ എഴുതിത്തയ്യാറാക്കിയ പ്രസ്താവന മന്ത്രി വായിച്ചു. എന്നാല്‍ മന്ത്രിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

കോണ്‍ഗ്രസ് എം.എല്‍.എമാരായ ഹൈബി ഈഡനും മാണിക്ക ടാഗോറുമായിരുന്നു മന്ത്രിക്കെതിരെ ചെന്നത്. ഇതോടെ സ്മൃതി ഇറാനി അടക്കമുള്ള ബി.ജെ.പിയുടെ നേതാക്കള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നേരെ പാഞ്ഞടുത്ത് നടുത്തളത്തിലിറങ്ങി. ഇതോടെ സ്പീക്കര്‍ സഭ ഒരു മണി വരെ നിര്‍ത്തിവയ്ക്കുകയായിരുന്നു

എന്നാല്‍ തന്റെ ചോദ്യങ്ങളെ നേരിടാന്‍ മോദിക്ക് ഭയമാണെന്നും അതു മുന്‍കൂട്ടിക്കണ്ട് ബി.ജെ.പി അംഗങ്ങള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തുകയാണ് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

‘ പാര്‍ലമെന്റില്‍ അവര്‍ ഇന്നുണ്ടാക്കിയ ബഹളം അവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്. സര്‍ക്കാരിനോടുള്ള എന്റെ ചോദ്യങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ഈ ബഹളങ്ങളൊക്കെ ഉണ്ടായിക്കിയത്. രാജ്യത്തെ തൊഴിലില്ലായ്മാ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ഒരു മറുപടിയും പറയാനില്ല. ഇന്ത്യയിലെ യുവാക്കള്‍ കാണുന്നുണ്ട്. മോദിയെ ഇത്തരം ചോദ്യങ്ങളില്‍ നിന്ന് രക്ഷിക്കാനായി ബി.ജെ.പി പാര്‍ലമെന്റ് തടസ്സപ്പെടുത്തി, ചര്‍ച്ചയെ പ്രതിരോധിക്കുകയാണ്’ – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ