| Tuesday, 14th February 2023, 10:11 am

ഇവിടെ കാന്തപുരമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു, അടുത്ത വര്‍ഷം അവരെയും ക്ഷണിക്കണം; ജാമിഅ നൂരിയ സമ്മേളന വേദിയില്‍ യു.എ.ഇ പ്രതിനിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരിന്തല്‍മണ്ണ: സമസ്തയുടെ നേതൃത്വത്തിലുള്ള പട്ടിക്കാട് ജാമിഅ നൂരിയ 60ാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെ ക്ഷണിക്കാമായിരുന്നുവെന്ന് യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശെയ്ഖ് അലി അല്‍ ഹാഷിമി.
കഴിഞ്ഞ ദിവസം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കാന്തപുരത്തെ ക്ഷണിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത്.

തിങ്കളാഴ്ച കാന്തപുരത്തെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു അദ്ദേഹം സമാപന സമ്മേളനത്തില്‍ എത്തിച്ചേര്‍ന്നത്.

പരിചയം പുതുക്കുന്നതിന് വേണ്ടി കാന്തപുരത്തെ സന്ദര്‍ശിച്ചുവെന്നും സുന്നി ആദര്‍ശ പ്രചരണ രംഗത്ത് ഒരുപാട് മുന്നേ നടന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഹാഷിമി  പറഞ്ഞു.

‘സുന്നി വിഭാഗത്തിന് വേണ്ടി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. മസ്ജിദിന്റെ നോളജ് സിറ്റിയും ഉദ്ഘാടനം ചെയ്തു. ഇവിടുത്തെ പ്രധാനപ്പെട്ട മറ്റ് കോളേജുകളും ഞാന്‍ സന്ദര്‍ശിച്ചു. അല്ലാഹു അദ്ദേഹത്തിന് നല്ല ആരോഗ്യത്തോട് ജീവിക്കാനുള്ള അനുഗ്രഹം നല്‍കട്ടെ. ഞാന്‍ സമ്മേളനത്തിന് വരുന്ന കാര്യം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ഇവിടെ ഉണ്ടാകണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ഇവിടുന്ന് ക്ഷണിച്ചില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. പരസ്പരം സ്‌നേഹിക്കാനും, സഹകരിക്കാനും, സഹകരിച്ച് ജീവിക്കാനും ഞാന്‍ മുഹമ്മദ് നബിയുടെ അനുയായികളെ ക്ഷണിക്കുന്നു’അലി അല്‍ ഹാഷിമി പറഞ്ഞു.

താന്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നെന്നും എന്നാല്‍ ഇവിടുന്ന് ക്ഷണിക്കാത്തത് കൊണ്ട് അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും വരും വര്‍ഷങ്ങളില്‍ അദ്ദേഹം നിങ്ങളെയും നിങ്ങള്‍ അദ്ദേഹത്തെയും ക്ഷണിക്കുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ ഭാഗങ്ങള്‍ സമസ്ത നേതാവുമായ സിയാവുദ്ദീന്‍ ഫൈസി മറ്റൊരു രീതിയിലാണ് പരിഭാഷപ്പെടുത്തിയതതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പരിഭാഷയില്‍  പ്രസംഗത്തിലെ പല ഭാഗങ്ങളും വളച്ചൊടിക്കുകയും അദ്ദേഹം പറഞ്ഞ പ്രധാനപ്പെട്ട പല  കാര്യങ്ങള്‍ പറയാതിരിക്കുകയും ചെയ്തുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.

‘ഞാന്‍ ഇന്ന് ഷെയ്ഖ് അബൂബക്കര്‍ അഹമദിനെ കണ്ടിരുന്നു. ഇസ്‌ലാമിക് ദഅ്‌വയില്‍ മുഴുകിയിരിക്കുന്ന ജാമിയ നൂരിയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുകയാണെന്ന് അറിയിച്ചു. സഹവര്‍ത്തിത്തത്തോടെയും സഹകരണത്തോടെയും ജീവിക്കേണ്ടതിന്റെയും, ഇസ്‌ലാമിക ആദര്‍ശങ്ങള്‍ക്ക് വേണ്ടി ജീവിക്കേണ്ടതിന്റെയും പ്രാധാന്യം അടിവരയിട്ട് കൊണ്ട് ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു,’ എന്നാണ് ഫൈസി പരിഭാഷപ്പെടുത്തിയത്‌.

പരിഭാഷയ്‌ക്കെതിരെ ഫൈസിയുടെ ഫേസ്ബുക്ക് കമന്റില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ ഫൈസി കമന്റ് ബോക്‌സ് ഓഫ് ആക്കി വെച്ചിരിക്കുകയാണ്.

സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം ശൈഖ് ഹസന്‍ ഈദ് ബുഖമ്മസായിരുന്നു മുഖ്യാതിഥി.

സമസ്ത കേരള ജംയത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

content highlight: I wanted Kanthapura to be here and invite them next year too; UAE representative at the Jamia Nuria conference venue

We use cookies to give you the best possible experience. Learn more