ന്യൂദല്‍ഹി: ദീപാവലി ആഘോഷിക്കുന്നതും അയോധ്യ സന്ദര്‍ശിക്കുന്നതും പാപമാണോ എന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ആംആദ്മി ഗോവയില്‍ അധികാരത്തില്‍ വന്നാല്‍ ഹിന്ദു വിശ്വാസികള്‍ക്ക് അയോധ്യയിലേക്കും ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് വേളാങ്കണ്ണിയിലേക്കും മുസ്‌ലിം വിഭാഗത്തിന് അജ്മീര്‍ ദര്‍ഹയിലേക്കും, സായിബാബ വിശ്വാസികള്‍ക്ക് ഷിര്‍ദ്ദിയിലേക്കും സൗജന്യ യാത്ര ഒരുക്കുമെന്ന കെജ്‌രിവാളിന്റെ പ്രഖ്യാപനം വിമര്‍ശിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.
”ദീപാവലി മനോഹരമായി ആഘോഷിക്കുന്നതും രാം ജിയുടെ ദര്‍ശനത്തിനായി അയോധ്യ സന്ദര്‍ശിക്കുന്നതും പാപമാണോ എന്നാണ് ഞാന്‍ ചോദിക്കുന്നത്,” കെജ്‌രിവാള്‍ പറഞ്ഞു.
വോട്ടിന് വേണ്ടി ഹിന്ദുത്വ കാര്‍ഡ് പ്രയോഗിക്കുകയാണെന്ന ആരോപണങ്ങള്‍ അദ്ദേഹം തള്ളി.
130 കോടി ജനങ്ങളെ ഒന്നിപ്പിച്ച് വികസനത്തിലെത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതും കലാപങ്ങള്‍ ഉണ്ടാക്കുന്നതും ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഹിന്ദുത്വമല്ലെന്നും ഒരു മനുഷ്യനെ മറ്റൊരാളുമായി ഒന്നിപ്പിക്കലാണ് ഹിന്ദുത്വ എന്നും കെജ്‌രിവാള്‍ പറഞ്ഞു.